പ്രളയബാധയെ തുടര്‍ന്ന് വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബ് ബാഴ്‌സിലോണയും യൂറോപ്പിലെ വിവിധ ഫുട്‌ബോള്‍ ക്ലബ്ബുകളും. കേരളത്തില്‍ വന്‍ ആരാധകരുള്ള അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ ക്ലബ് കേരളജനതയുടെ ദുരിതത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മഹാപ്രളയത്തിന് ഇരകളായവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും എല്ലാവര്‍ക്കും പിന്തുണ ഉറപ്പാക്കുമെന്നും ബാഴ്സലോണ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
മലയാളികള്‍ ബാഴ്‌സയുടെ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. ബാഴ്‌സിലോണയ്ക്ക് പുറമേ ലാലിഗയില്‍ ബാഴ്‌സയ്‌ക്കൊപ്പം കളിക്കുന്നവരും കഴിഞ്ഞ മാസം കേരളത്തില്‍ ബ്ലാസ്റ്റേഴ്‌സിനെതിരേ കളിക്കാനെത്തുകയും കൊച്ചിയിലെ ആരാധകരുടെ മനം കവരുകയും ചെയ്ത ജിറോണ എഫ് സിയും ഓസ്‌ട്രേലിയന്‍ ടീം മെല്‍ബണ്‍ എഫ് സിയും ദുരന്തത്തില്‍ ഒപ്പം നില്‍ക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ലാലിഗയും ഏറെ സങ്കീര്‍ണമായ ഘട്ടത്തിലൂടെ കടന്നു പോകുന്ന കേരളത്തിനൊപ്പമുണ്ടെന്നും വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറുന്ന എല്ലാവര്‍ക്കും പിന്തുണ അറിയിക്കുന്നുവെന്നുമായിരുന്നു ലാ ലീഗയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും ലാ ലീഗ ആഹ്വാനം ചെയ്യുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സിയും ലിവര്‍പൂളും തങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ കേരളത്തെ സഹായിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തിന് ഒപ്പമുണ്ടെന്നു പ്രഖാപിച്ച് കൊണ്ട് രംഗത്ത് വന്ന ലിവര്‍പൂള്‍ എഫ് സി കേരളത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാനായി ക്ലബ്ബിന്റെ കേരളത്തിലെ ആരാധകരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ പേജിന്റെ ലിങ്കും വെച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയും അദ്ദേഹത്തിന്റെ ക്ലബ്ബ് ബാംഗ്ലൂര്‍ എഫ് സിയും പിന്തുണ അറിയിച്ചു കൊണ്ട് വന്നിരുന്നു.
കഴിയുന്ന രീതിയില്‍ എല്ലാം സഹായിക്കണമെന്ന് അദ്ദേഹം രാജ്യത്തോടായി അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ പ്രാര്‍ത്ഥന ഒപ്പമുണ്ടെന്നും ജാഗ്രതയോടെ കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാല്‍ ഈ പ്രളയത്തില്‍ നിന്നും കേരളത്തെ നമുക്ക് രക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളം കടന്നു പോകുന്ന സാഹചര്യത്തെ കുറിച്ച് എല്ലാവരും മനസിലാക്കുന്നുണ്ടെന്നും കേരളത്തിലെ ജനത ഭയപ്പെടാതെ ഇരിക്കണമെന്നും സര്‍ക്കാര്‍ സുരക്ഷയും സംരക്ഷണവും നല്‍കുന്നുണ്ടെന്നും അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ഛേത്രിയുടെ അഭ്യര്‍ത്ഥന. കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കായി ബെംഗളൂരു എഫ്സി പണവും സാമഗ്രികളും സമാഹരിക്കുന്നുണ്ടെന്നും കഴിയുന്നവര്‍ സഹായവുമായെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ കേരളത്തിലേക്കുള്ള ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് ബെംഗളൂരു എഫ്സി തുടക്കം കുറിച്ചിരുന്നു. വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണവും മറ്റു വസ്തുക്കളും ശേഖരിക്കുന്നതിന് ബെംഗളൂരു ശ്രീകണ്ഠീര സ്റ്റേഡിയത്തില്‍ പ്രത്യേകം കൗണ്ടര്‍ തുറന്നു.