കാത്തിരിപ്പിന് വിരാമം; ‘രണം’ സെപ്റ്റംബറില്‍ തീയേറ്ററുകളിലെത്തും; വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

പൃഥ്വിരാജിന്റെ ആക്ഷന്‍ ചിത്രം രണം സെപ്തംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തുമെന്ന് സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്‍. ചിത്രത്തിന്റെ ട്രെയിലര്‍ ഓണത്തിന് റിലീസ് ചെയ്യുമെന്നും നിര്‍മ്മല്‍ വ്യക്തമാക്കി.

”ചിത്രീകരണം പൂര്‍ത്തിയായി. സെന്‍സറിംഗും കഴിഞ്ഞു. യു.എ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചത്. സെപ്തംബര്‍ ആദ്യവാരം ചിത്രം പ്രദര്‍ശനത്തിനെത്തും. രാജുവേട്ടന്റെ കൂടെയും മൈ സ്റ്റോറിയും അടുപ്പിച്ച് തിയേറ്ററിലെത്തിയതിനാലാണ് രണത്തിന്റെ റിലീസ് വൈകിയത്.” അദ്ദേഹം പറയുന്നു. സംവിധായകനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് നിവിന്‍പോളി നായകനായ ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തും നിര്‍മ്മലായിരുന്നു. അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന രണം, ഭൂരിപക്ഷവും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

രണം ടൈറ്റില്‍ ട്രാക്ക് എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ വിഡിയോ സോംഗ് പതിന്നേഴു ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടത്. മനോജ് കുറൂരിന്റെ വരികള്‍ക്ക് ജേക്സ് ബിജോയിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഇഷ തല്‍വാറാണ് ചിത്രത്തില്‍ പ്രഥ്വിയുടെ നായിക. റഹ്മാനും അശ്വിന്‍ കുമാറും ഒപ്പം വിദേശ നടീ നടന്‍മാരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് ‘രണ’ത്തിന്റേതും. അമേരിക്കന്‍ നഗരത്തിലേക്ക് ചേക്കേറുന്ന ഗുണ്ടാഗാങ്ങുകള്‍ തമ്മിലുള്ള പ്രതികാരത്തിന്റെ കഥയാണ് രണമെന്നാണ് പ്രാഥമിക വിവരം. ഹോളിവുഡില്‍ നിന്നുള്ള സംഘട്ടന സംവിധായകരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്. ഹൗസ് ഓഫ് കാര്‍ഡ്‌സ്, മര്‍ഡര്‍ കോള്‍സ് എന്നീ സിനിമകള്‍ക്ക് സംഘട്ടന രംഗങ്ങളൊരുക്കിയ ക്രിസ്റ്റിയന്‍ ബ്രൂനെറ്റിയാണ് രണത്തിലെ സംഘട്ടന രംഗങ്ങളൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular