ദിലീപ് വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്; പ്രൊഫസര്‍ ഡിങ്കന്റെ അടുത്ത ഘട്ടത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും

ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്. പ്രൊഫസര്‍ ഡിങ്കന്റെ അടുത്ത ഘട്ടത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാമചന്ദ്ര ബാബു എന്ന പുതുസംവിധായകനാണ്. ദുബൈ, എറണാകുളം എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷന്‍. കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന സിനിമയാണ് പ്രൊഫസര്‍ ഡിങ്കന്‍.

റാഫിയാണ് തിരക്കഥ. പ്രൊഫസര്‍ ഡിങ്കന്‍ തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് കൂടി രസിക്കുന്ന തരത്തിലേക്കാണ് തിരക്കഥ മാറ്റിയിട്ടുള്ളതെന്നായിരുന്നു രാമചന്ദ്രബാബു അറിയിച്ചത്. നമിത പ്രമോദ് ആണ് ദിലീപിന്റെ നായിക. കമ്മാരസംഭവത്തിലും നമിതയായിരുന്നു നായികയായി എത്തിയത്.

ഒരു മാജിക്കുകാരന്റെ വേഷമാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു ദിവസം മാജിക്കിനിടെ നടക്കുന്ന അപകടത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സിനിമയുടെ ഫസ്റ്റ്ലുക്ക് ഫോട്ടോഷൂട്ട് ഒരുവര്‍ഷം മുമ്പേ പൂര്‍ത്തിയായിരുന്നു. ത്രിഡിയിലാകും സിനിമ റിലീസിനെത്തുക.

Similar Articles

Comments

Advertismentspot_img

Most Popular