യുട്യൂബ് വീഡിയോ കണ്ട് വീട്ടല്‍ പ്രസവിക്കാന്‍ ശ്രമിച്ച അധ്യാപിക രക്തം വാര്‍ന്ന് മരിച്ചു!!!

ചെന്നൈ: യു ട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവിച്ച സ്‌കൂള്‍ ടീച്ചറായ യുവതി രക്തം വാര്‍ന്നു മരിച്ചു. 28 കാരിയായ കൃതികയാണ് കുഞ്ഞിനെ പ്രസവിച്ചശേഷം അമിത രക്തസ്രാവം മൂലം മരിച്ചത്. തമിഴ്നാട്ടിലെ തിരുപൂരിലാണ് നടുക്കുന്ന സംഭവം.

പുതുപാളയത്തിന് അടുത്തുളള രത്നഗിരിസ്വരാരില്‍ ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പമാണ് കൃതിക താമസിച്ചിരുന്നത്. യുട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവം നടത്താന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. കൃതികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് മൂന്നു വയസ്സുളള ഒരു മകളുണ്ട്.

രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്ന് നല്ലൂര്‍ പൊലീസ് അറിയിച്ചു. രണ്ടു മണിയോടെ പ്രസവവേദന തുടങ്ങിയെങ്കിലും കുഞ്ഞു ജനിച്ചശേഷം 3.30 ഓടെയാണ് യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തുവെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

വീട്ടില്‍ പ്രവസം നടത്താന്‍ ദമ്പതികളെ പ്രേരിപ്പിച്ചത് സുഹൃത്തും ഭാര്യയും ചേര്‍ന്നാണെന്ന് സിറ്റി ഹെല്‍ത്ത് ഓഫിസര്‍ കെ.ഭൂപതി പറഞ്ഞു. കൃതിക ഗര്‍ഭിണിയാണെന്ന വിവരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശിശു മരണ നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഗര്‍ഭിണികള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ റജിസ്റ്റര്‍ ചെയ്യണമെന്നത് തമിഴ്നാട്ടില്‍ നിര്‍ബന്ധമാണ്. അങ്ങനെ റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല.

SHARE