ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുക്കും. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കണമെന്ന് കാണിച്ച് സാംസ്‌കാരിക വകുപ്പ് നല്‍കിയ കത്തിന് മറുപടിയായാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുത് എന്ന് കാണിച്ച് ചലച്ചിത്ര പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും സര്‍ക്കാരിന് നല്‍കിയ ഭീമഹര്‍ജിയുടെ വിശ്വാസ്യത സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചടങ്ങില്‍ പങ്കെടുക്കാനുളള സര്‍ക്കാരിന്റെ ക്ഷണം മോഹന്‍ലാല്‍ സ്വീകരിച്ചത്.

കഴിഞ്ഞദിവസം ചലചിത്രപുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുമെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ വ്യക്തമാക്കിയിരൂന്നു. മോഹന്‍ലാല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി എ കെ ബാലന്‍ പ്രതികരിച്ചത്.

മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ക്ഷോഭ നഷ്ടപ്പെടുമെന്ന വാദത്തിന് യുക്തിയില്ലെന്ന് പറഞ്ഞ എ കെ ബാലന്‍ മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ച ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങള്‍ക്കൊന്നും മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പുകളില്ലെന്നും വ്യക്തമാക്കി. പുരസ്‌ക്കാര ദാന ചടങ്ങില്‍ മുഖ്യാതിഥി വേണ്ടെന്ന ചിലരുടെ വാദത്തോടും യോജിപ്പില്ല. നേരത്തെ തമിഴ് നടന്‍ സൂര്യ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. ചരിത്രമറിയാതെയാണ് ചിലര്‍ വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍ക്കെങ്കിലും ആരോടെങ്കിലും പക തീര്‍ക്കാനുള്ളതല്ല സിനിമാ സാംസ്‌ക്കാരിക വേദികളെന്നും സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ എല്ലാവരും പങ്കെടുക്കുമെന്നും ബാലന്‍ വ്യക്തമാക്കി. വിവാദങ്ങള്‍ മാറ്റി വച്ച് ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കണം. ഏതെങ്കിലും വ്യക്തിയോടോ സംഘടനയോടോ സംസ്ഥാന സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും പ്രത്യേക താത്പര്യങ്ങളില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളയുടെ സമാപന യോഗത്തില്‍ പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular