സോളാര്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷന്റെ ചെലവ് ഒരു കോടി രൂപ!!!! യാത്ര ബിസിനസ് ക്ലാസ് വിമാനത്തില്‍, താമസം പഞ്ചനക്ഷത്ര ഹോട്ടലില്‍

കൊച്ചി: സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഭാഗം വാദിക്കാന്‍ ഹൈക്കോടതിയില്‍ വന്ന അഭിഭാഷകന് ചെലവായി കണക്കാക്കിയത് ഒരുകോടി രൂപ. കേസുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സമരങ്ങളെല്ലാം ഇപ്പോഴും നാട്ടുകാരുടെ ഓര്‍മ്മയിലുണ്ട്. എന്നാല്‍ ഭരണത്തില്‍ എത്തിയതോടെ ഈ കേസിനോടുള്ള സര്‍ക്കാറിന്റെ സമീപനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് ഇപ്പോഴത്തെ പോക്ക്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരേ ഉമ്മന്‍ ചാണ്ടിയും മറ്റും നല്‍കിയ കേസില്‍ സര്‍ക്കാരിനായി വാദിക്കാന്‍ സുപ്രീം കോടതിയില്‍ നിന്നാണ് അഭിഭാഷകനെ കൊണ്ടുവന്നത്.

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ കേസിലാണ് ഹൈക്കോടതിയില്‍ സര്‍ക്കാറിന് വാദിക്കാന്‍ പുറമേ നിന്നും അഭിഭാഷകന്‍ എത്തിയത്. ഇങ്ങനെ കൊണ്ടുവന്ന അഭിഭാഷകന്‍ ഇതിനോടകം പോക്കറ്റിലാക്കിയത് ഒരു കോടി രൂപയാണ്. കേരളത്തില്‍ തന്നെ പ്രഗത്ഭരായ സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ ഉണ്ടായിട്ടും അവരെ ഒഴിവാക്കി ഖജനാവിന് ബാധ്യത ഉണ്ടാക്കുന്ന വിധത്തില്‍ വക്കീലന്മാരെ കൊണ്ടുവന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.

സരിതയും സംഘവും ചേര്‍ന്ന് 37 പേരില്‍ നിന്നായി വഞ്ചിച്ചെടുത്തത് ആറരക്കോടി രൂപയായിരുന്നു. സര്‍ക്കാരിന് സാമ്പത്തിക നഷ്ടമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിതനായ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനായി ചെലവിട്ടത് ഏഴരക്കോടി രൂപയും.

കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബലാണ്. സര്‍ക്കാരിനായി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറും. ദിവസം 20 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ഫീസ്. നാലുദിവസം കേസ് കോടതിയില്‍ വന്നു. ഇനി മാര്‍ച്ച് 17ന് വരും. വിമാനത്തില്‍ ബിസിനസ് ക്ലാസ് യാത്രയും നക്ഷത്രഹോട്ടലിലെ താമസവും ചേരുമ്പോള്‍ ചെലവ് ഒരു കോടി കവിയും.

കേസിനെക്കുറിച്ചു രഞജിത് കുമാറിനു വിവരിച്ചു നല്‍കാനായി രണ്ടു ഗവ.പ്ലീഡര്‍മാര്‍ ഡല്‍ഹിയിലേക്കു പോയിരുന്നു. അവരുടെ ചെലവ് ഇതിനു പുറമേയാണ്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ വാദിക്കാന്‍ എജി, രണ്ട് അഡീഷനല്‍ എജി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, സ്റ്റേറ്റ് അറ്റോര്‍ണി, 122 അഭിഭാഷകര്‍ എന്നിവര്‍ ഉണ്ടായിരിക്കെയാണു പുറത്തു നിന്ന് അഭിഭാഷകനെ കൊണ്ടു വന്നത്.

ചെലവ് സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കയാണ്. ഷുഹൈബ് വധത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് വാദിക്കാനും ഡല്‍ഹിയില്‍ നിന്ന് സര്‍ക്കാര്‍ അഭിഭാഷകനെ കൊണ്ടുവന്നിരുന്നു. അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെ 120ഓളം അഭിഭാഷകര്‍ സര്‍ക്കാരിനായുള്ളപ്പോഴാണിതെന്ന കാര്യവും ശ്രദ്ധേയമാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുണ്ടു മുറുക്കി ഉടുക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെയാണ് ഒരു വശത്ത് സര്‍ക്കാറിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കുന്നതും. അടുത്തിടെ സര്‍ക്കാര്‍ മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ പുതിയ കാര്‍ വാങ്ങിയതും ചികിത്സാചെലവിന്റെ പേരില്‍ ഇടത് എംഎല്‍എമാര്‍ ലക്ഷങ്ങള്‍ എഴുതിയെടുത്തതും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular