ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളി; നീക്കത്തിലൂടെ പുറത്ത് വരുന്നത് ഇടതുമുന്നണിയുടെ കപട മുഖമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണ് ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള ഇടത് മുന്നണി നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തല ശശീന്ദ്രനെതിരെ തുറന്നടിച്ചത്.

ധാര്‍മികതയേക്കുറിച്ച് എന്നും പുരപ്പുറത്ത് കയറി നിന്ന് വലിയ വായില്‍ പ്രസംഗിക്കാറുള്ള ഇടതു മുന്നണിയുടെ യഥാര്‍ത്ഥ മുഖമാണ് ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിലൂടെ പുറത്ത് വരുന്നതെന്ന് തുറന്നടിച്ച ചെന്നിത്തല, കോടതിയില്‍ നടന്നത് ഒത്തുതീര്‍പ്പ് നാടകമാണെന്നും ആരോപിച്ചു. തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും ശശീന്ദ്രന്റെ സംഭാഷണം എല്ലാവരും കേട്ടതാണെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് പുറത്തു വന്ന സംഭാഷണശകലം തന്റേതല്ലെന്ന് അന്ന് ശശീന്ദ്രന്‍ നിഷേധിച്ചിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

തന്റെ പ്രവൃത്തിയില്‍ കുറ്റബോധം ഉണ്ടായിരുന്നതിനാലാണ് ഉടനടി അദ്ദേഹം രാജിവച്ചത്. സ്ത്രീ സംരക്ഷണം എന്ന മുദ്രാവാക്യം വോട്ട് തട്ടാനുള്ള ഇടത് മുന്നണിയുടെ മാര്‍ഗം മാത്രമാണ്. ശശീന്ദ്രന്റെ സംഭവം ഓര്‍മിപ്പിക്കുന്നത് ഇതാണ്- ചെന്നിത്തല കുറിച്ചു.

ധാര്‍മിക നിലവാരം കാത്തുസൂക്ഷിക്കേണ്ട ജനപ്രതിനിധികള്‍ വീഴ്ച വരുത്തുമ്പോള്‍ അത്തരക്കാരെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്തേണ്ടത് സാമാന്യ മര്യാദയാണെന്നു പറഞ്ഞ ചെന്നിത്തല സ്ത്രീകളെ അപമാനിക്കുന്ന നീക്കത്തില്‍ നിന്നും ഇടത് മുന്നണി പിന്തിരിയണമെന്നും ആവശ്യപ്പെട്ടാണ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular