നിങ്ങള്‍ സത്യസന്ധരാണോ…? എങ്കില്‍ ഇനി എളുപ്പത്തില്‍ വായ്പ ലഭിക്കും; പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ ഇനി വായ്പ ലഭിക്കാന്‍ പ്രയാസപ്പെടേണ്ടതില്ല. ായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വീണ്ടും എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇവര്‍ക്ക് കാര്യമായ തടസങ്ങളില്ലാതെ വായ്പ ലഭ്യമാക്കാന്‍ ബാങ്കുകള്‍ നടപടിയെടുക്കും. ഇതുള്‍പ്പെടെ ബാങ്കിങ് മേഖലയില്‍ പരിഷ്‌കാര നടപടികള്‍ കൈക്കൊണ്ടതായി സാമ്പത്തികകാര്യ സെക്രട്ടറി രാജിവ് കുമാര്‍ പറഞ്ഞു. വ്യക്തിയുടെ സത്യസന്ധതയ്ക്ക് പ്രത്യേക പരിഗണന നല്‍കാനാണു തീരുമാനം.
രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകള്‍ക്കായി 88,139 കോടി രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്. ഈ മാസം 31നു മുന്നോടിയായിട്ടായിരിക്കും ഇത്. വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കാനും അതു വഴി വളര്‍ച്ചയുടെ തോത് തിരിച്ചുപിടിക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കം.
വന്‍തോതില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയതായും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. വന്‍തുകയെടുത്ത് തിരിച്ചടയ്ക്കാത്തവരെ തുടര്‍ച്ചയായി നിരീക്ഷിക്കും. 250 കോടി രൂപയ്ക്കു മുകളില്‍ വായ്പയെടുത്ത് തിരിച്ചടച്ചില്ലെങ്കില്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. എട്ടുലക്ഷം കോടിയോളം രൂപയുടെ കിട്ടാക്കടമുണ്ട് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക്. ഇതുള്‍പ്പെടെ പൊതുമേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണുകയാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനു വേണ്ടി www.udyamimitra.com വഴി ഓണ്‍ലൈന്‍ ആപ്ലിക്കേഷനും നല്‍കാം. അപേക്ഷിച്ച് 15 ദിവസത്തിനകം വായ്പ സംബന്ധിച്ച മറുപടി നല്‍കണമെന്നാണു നിര്‍ദേശം.

Similar Articles

Comments

Advertismentspot_img

Most Popular