എഫ്.ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യത നിര്‍ണയിക്കുന്നത്, മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങള്‍ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല; വിശദീകരണവുമായി ഡബ്ല്യൂ.സി.സി.

മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം പങ്കുവയ്ക്കുകയും പിന്‍വലിക്കുകയും ചെയ്തതില്‍ വിശദീകരണവുമായി ഡബ്ല്യൂസിസി. ഡിലീറ്റ് ചെയ്ത പോസ്റ്റിലെ അഭിപ്രായങ്ങള്‍ തങ്ങളുടെതല്ലെന്ന് ഡബ്ല്യുസിസി വിശദീകരിക്കുന്നു. ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഉദ്ദേശ്യമായിരുന്നില്ല. എഫ്ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണയിക്കുന്നത്. മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ലെന്നും കുറിപ്പില്‍ വിശദമാക്കുന്നു.

‘വിമന്‍ ഇന്‍ സിനിമ കലക്ടീവി’ന്റെ പേജില്‍ സൈബര്‍ ആക്രമണം വ്യാപകമായ പശ്ചാത്തലത്തിലാണ് വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചത്. സംഘടനയുടെ ഫെയ്സ്ബുക് പേജിന്റെ റേറ്റിങ് കുറച്ചുള്ള പ്രതിഷേധമാണ് നടക്കുന്നത്.

ഡെയ്ലിഒ എന്ന ഇംഗ്ലീഷ് വെബ്സൈറ്റില്‍ മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശനവിധേയനക്കുന്ന ലേഖനം ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയും ചെയ്തിരിന്നു. ഇതിന്റെ കാരണമായി ഡബ്ല്യു.സി.സി വ്യക്തമാക്കുന്നത് ഇങ്ങനെ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞങ്ങള്‍ക്കൊപ്പമുള്ള സുഹൃത്തുക്കള്‍ അറിയുവാന്‍
എഫ് ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണ്ണയിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും വീണ്ടുമൊരു സൈബര്‍ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് ഞങ്ങളുടെ കൂടെ എപ്പോഴും നില്ക്കുന്നവര്‍ക്കായി വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മീഡിയയില്‍ വന്ന ഒരു പോസ്റ്റ്, (ഡെയ്ലി ഒ യില്‍ ആനന്ദ് കൊച്ചുകുടി എഴുതിയത്) മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെ പരാമര്‍ശിച്ചു കൊണ്ട് ഉദാഹരണമായി പ്രമുഖ നടന്‍മാരുടെ പേരെടുത്ത് പരാമര്‍ശിച്ചു കൊണ്ടുള്ള ലേഖനം ഞങ്ങളുടെ പേജില്‍ ഷെയര്‍ ചെയ്യുകയുണ്ടായി.
അത് ഞങ്ങളുടെ എഴുതിയതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപകമായ ആക്രമണം ഉണ്ടായി. തുടര്‍ന്ന് ഞങ്ങളത് ഡിലീറ്റ് ചെയ്തു. കാരണം അതില്‍ എഴുതിയിരുന്ന അഭിപ്രായങ്ങള്‍ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ. മലയാള സിനിമാലോകത്ത് സൗഹാര്‍ദപരമായ സ്ത്രീ പുരുഷ സൗഹൃദം നിലനിര്‍ത്തണം എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല.
ഞങ്ങള്‍ മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല ഞങ്ങളൊടൊപ്പം കൈകോര്‍ത്തു നില്‍ക്കുന്ന നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍കൂടി നന്ദി

Similar Articles

Comments

Advertismentspot_img

Most Popular