മൊബൈലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…

ഇപ്പോള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. നമ്മള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണില്‍തന്നെ ഫെയ്‌സ്ബുക്ക് ആപ്പും ഉപയോഗിക്കുന്നുണ്ടാവും. ഇങ്ങനെയുള്ളവരുടെ ശ്രദ്ധയിലേക്കാണ് ഈ റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് വെല്ലുവിളിയായി പുതിയ സൈബര്‍ ആക്രമണം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.. വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഹാക്കര്‍മാര്‍ ഈ ആക്രമണത്തിലൂടെ വെല്ലുവിളി സൃഷ്ടിക്കുന്നത്. സൈബര്‍ സുരക്ഷ സ്ഥാപനം ആവിസ്റ്റയാണ് ഈ സൈബര്‍ ആക്രമണം ടെക് ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചത്.
വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വഴി എത്തുന്ന സന്ദേശങ്ങളിലൂടെ ഈ ഹാക്കര്‍മാര്‍ നിങ്ങളെ സ്പാംവെയര്‍ ഡൗണ്‍ലോഡ് ചെയ്യിക്കുക എന്നതാണ് ഈ സൈബര്‍ ആക്രമണത്തിന്റെ ഒന്നാംഘട്ടം. വൈറസിന് ഇരകളാകുന്നവരുടെ ലൊക്കേഷന്‍ തിരിച്ചറിയാനും പരിസരത്തുള്ള ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യാനും കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക്് ഉപയോക്താവിന്റെ ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, കോള്‍ ഹിസ്റ്ററി എന്നിവ ചോര്‍ത്താനും നിങ്ങളുടെ ചാറ്റുകള്‍ ചോര്‍ത്താനും ഈ സ്പാംവെയറിന് സാധിക്കും.
2015 മുതല്‍ തന്നെ ടെംറ്റിങ് റഡാര്‍ സൈബര്‍ ആക്രമണം ഗവേഷകരുടെ നിരീക്ഷണത്തിലാണ്. പ്രധാനമായും തൊഴില്‍ദിനങ്ങളിലാണ് ഹാക്കര്‍മാര്‍ സജീവമാകുന്നതെന്നും, ശനിയാഴ്ചകളില്‍ വല്ലപ്പോഴും ഉണ്ടാവാറുണ്ടെന്നും എന്നാല്‍ ഞായറാഴ്ചകളില്‍ ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കാറില്ലെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്തായാലും മൊബൈലുകളില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ ഒരു കരുതല്‍ എപ്പോഴും ഉണ്ടാവുന്നത് നല്ലതായിരിക്കും.

SHARE