മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; ബില്‍ സെലക്ട് കമ്മറ്റിയ്ക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: മുത്തലാഖിലൂടെ വിവാഹമോചനം നേടുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ ബില്ലില്‍ സമവായമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് രാജ്യസഭയിലെ ബില്‍ അവതരണം ഇന്നലെ മാറ്റിവെച്ചിരുന്നു. കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും. അതേസമയം ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.

വെള്ളിയാഴ്ച്ച ലോക്‌സഭയില്‍ അവതരിപ്പിച്ച മുസ്‌ലിം സ്ത്രീ വിവാഹ സംരക്ഷണാവകാശ ബില്‍ ഭേദഗതികള്‍ പോലും വരുത്താതെ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് നില്‍ക്കുന്നത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. പരാജയപ്പെടുമെന്നതിനാല്‍ ഇന്നലെ ബില്ലവതരണം ഒഴിവാക്കി സര്‍ക്കാര്‍ സമവായത്തിന് ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല.

വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കുന്നതടക്കമുള്ള ബില്ലിലെ പല വ്യവസ്ഥകളോടും ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷ കക്ഷികള്‍ക്കുള്ളത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് കോണ്‍ഗ്രസും ഇടത്പക്ഷവുമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടേയും നിലപാട്.

ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന ബില്‍ നേരത്തെ ലോക്സഭ പാസാക്കിയിരിന്നു. ബില്ലിലെ വ്യവസ്ഥപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിയശേഷം ശബ്ദവോട്ടോടെയാണ് ബില്‍ ലോക്സഭ പാസാക്കിയത്.

മുസ്ലിം ലീഗ് ബില്ലിനെ എതിര്‍ത്ത് ലേക് സഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി., എ.ഐ.എ.ഡി.എം.കെ. തുടങ്ങിയ പ്രതിപക്ഷപാര്‍ട്ടികള്‍ ബില്‍ അവതരണ രീതിയെയും ബില്ലിലെ ചില വ്യവസ്ഥകളെയും എതിര്‍ത്തിരിന്നു.

Similar Articles

Comments

Advertismentspot_img

Most Popular