ആരോഗ്യപരിപാലനരംഗത്തിന് ഒരേ സമയം ചികിൽസിക്കാവുന്ന രോഗികളുടെ എണ്ണത്തിന് ഒരു മേൽപരിധിയുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം അതിനുള്ളിൽ നിന്നാൽ മാത്രമേ രോഗവുമായുള്ള യുദ്ധത്തിൽ ജയം നേടാനാവൂ. എത്ര വലിയ സാമ്പത്തികശക്തിയാണെങ്കിലും ഒരേ സമയം രോഗം ബാധിച്ചവരുടെ എണ്ണം അവരുടെ ആരോഗ്യരംഗത്തിന് ഉൾക്കൊള്ളാനാവുന്നതിലും അധികമായാൽ ഈ യുദ്ധത്തിൽ വിജയിക്കാനാവില്ല, അതിപ്പോൾ ഇറ്റലിയായാലും അമേരിക്കയായാലും ഫ്രാൻസോ ജർമനിയോ സ്പെയിനോ ആയാലും.
അപ്പോൾ ഈ പോരാട്ടത്തിൽ വിജയിക്കണമെങ്കിൽ വേണ്ടുന്ന ഏറ്റവും അവശ്യമായ സംഗതി ഒരേസമയം രോഗികളാവുന്നവരുടെ എണ്ണം ആ രാജ്യത്തിന് ചികിൽസ നൽകാനാവുന്ന എണ്ണത്തിനുള്ളിൽ പരിമിതപ്പെടുത്തുക എന്നതുമാത്രമാണ്. അങ്ങനെ സമയം വാങ്ങിയെടുക്കുക. ഇങ്ങനെ സമയം വാങ്ങിയെടുക്കാനാണ് രോഗികൾ ആവാതിരിക്കാൻ സമ്പർക്കവിലക്ക്, യാത്രാനിയന്ത്രണം, കൈകഴുകൽ, വീട്ടിലിരിക്കൽ എന്നിവയ്ക്കെല്ലാമായിട്ട് നിയന്ത്രണം കൊണ്ടുവരുന്നത്.
ആരോഗ്യരംഗത്ത് ആളോഹരി ലഭ്യതയിൽ ഇന്ത്യയുടെ അവസ്ഥ മറ്റു പലരാജ്യങ്ങളെയും അപേക്ഷിച്ച് വളരെ താഴെയാണ്. ഇതുമനസ്സിലാക്കി സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി പരമാവധി സഹകരിച്ചേ മതിയാവൂ. അപ്പോൾ വരുന്ന കഷ്ടപ്പാടുകൾ പലരേയും തകർത്തുകളയുമെന്ന വസ്തുത നിലനിൽക്കുമ്പോൾത്തന്നെ അതിന്റെ ആഘാതം എങ്ങനെ ലഘൂകരിക്കാം എന്നതിനേപ്പറ്റി ചിന്തിക്കാതെ അത്തരം കാര്യങ്ങളെ മാത്രം പർവതീകരിച്ച് നേരെയിറങ്ങി വിമർശിക്കുന്നത് യാതൊരുവിധത്തിലും ഗുണകരമാവില്ലെന്നു മനസ്സിലാക്കുക.
നിയന്ത്രണങ്ങൾ ഇല്ലാതിരുന്നാൽ ഉണ്ടാകുന്ന അവസ്ഥയാണ് ഈ ഗ്രാഫിലെ ഉയരം കൂടിയ വളവ്. ആരോഗ്യമേഖലയ്ക്കു താങ്ങാവുന്നതിലേറെ രോഗികൾ വന്ന് ഒക്കെയും തകർന്നടിയുന്നരീതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ഉണ്ടാവുന്ന അവസ്ഥയാണ് ഉയരം കുറഞ്ഞവളവ്. ആരോഗ്യമേഖലയ്ക്ക് ഉൾക്കൊള്ളാവുന്നരീതിയിൽ രോഗികളുടെ എണ്ണം പരിമിതമായാൽ പരിക്കുകൾ ഇല്ലാതെ, കുറച്ചേറെക്കാലം കൊണ്ട് പൂർവ്വസ്ഥിതിയിൽ ആവുന്ന അവസ്ഥ.