കൊല്ലം: യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനെതിരെ ഗുരുതര ആരോപണവുമായി സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പ്രേമചന്ദ്രന്റെ ആര് എസ് എസ് ബന്ധം വെളിപ്പെടുത്തുന്ന തെളിവുകളാണ് എം.എ ബേബി പുറത്തുവിട്ടത്. എറണാകുളം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനും സമൂഹ മാധ്യമമായ ഫെയ്സ്ബുക്കിലൂടെ പണം നല്കി പ്രചാരണം നടത്തുന്നത് ഒരേ ആള് തന്നെയാണെന്ന് എം എ ബേബി വ്യക്തമാക്കി.
പഞ്ചായത്ത് മെംബര്‍ മുതല്‍ പാര്‍ലമെന്റ് അംഗം വരെയാക്കിയ ഇടതുപക്ഷ പ്രസ്ഥാനത്തെ പുറംകാലുകൊണ്ട് ചവിട്ടിയിട്ട് മുതലാളിമാരെയും ഭൂപ്രഭുക്കന്മാരെയും സംരക്ഷിച്ചുപോരുന്ന യു ഡി എഫിന്റെ മടിയിലേക്ക് ദത്തുപുത്രനായി പോയ പ്രേമചന്ദ്രന് ഇനിയൊരവസരം കിട്ടിയാല്‍ ബി ജെ പിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടിയായാണ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനായി നരേന്ദ്രമോദിയെ ക്ഷണിച്ച് വരുത്തിയതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ആരോപിച്ചു. പ്രേമചന്ദ്രന് ആര് എസ് എസ് പിന്തുണയോടെയാണ് മത്സരിക്കുന്നത് എന്ന് ഇടതുപക്ഷ നേതാക്കള്‍ വിമര്‍ശിച്ചപ്പോള്‍ അത് കളവാണെന്ന് പറഞ്ഞ യു ഡി എഫ് നേതാക്കള്‍ക്ക് മറുപടിയായി പ്രേമചന്ദ്രന്റെ ബി ജെ പി – ആര് എസ് എസ് ബന്ധം വെളിപ്പെടുത്തുന്ന തെളിവ് പുറത്തുവിട്ടുകൊണ്ടാണ് എം എ ബേബി പ്രേമചന്ദ്രനെതിരെ ആഞ്ഞടിച്ചത്.
ബി ജെ പി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനും സമൂഹ മാധ്യമമായ ഫെയ്സ് ബുക്കിലൂടെ പണം മുടക്കി പ്രചാരണം നടത്തുന്നത് ഒരേ ആള് തന്നെയാണെന്ന് എം എ ബേബി വെളിപ്പെടുത്തി. കണ്ണന്താനത്തിന്റെയും പ്രേമചന്ദ്രന്റെയും ഫെയ്സ് ബുക്ക് പേജുകള്‍ക്ക് പ്രമോഷന് നല്‍കുന്നത് ലക്ഷ്മി ആര് ഷെണോയ് എന്ന സ്ത്രീ ആണെന്നും ഇരുവരുടെയും ഫെയ്സ്ബുക്ക് പേജുകളുടെ ഏകോപനവും പണം മുടക്കുന്നതും ഈ സ്ത്രീ തന്നെയാണെന്ന് വ്യക്തമായതായും ഫെയ്സ് ബുക്ക് സ്ക്രീന്‍ ഷോട്ട് തെളിവായി നല്‍കിക്കൊണ്ട് എം എ ബേബി വ്യക്തമാക്കി.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പരസ്യ ഏജന്‍സിയുടെ ഉടമയാണ് ഈ സ്ത്രീ. പരസ്യ ഏജന്‍സി ആണെങ്കില്‍ പോലും വ്യത്യസ്ഥ നിലപാടുള്ള രാഷ്ട്രീയ സംഘടനകളുടെ പ്രചാരണം ഒരേ ഏജന്‍സി തന്നെ ഏറ്റെടുക്കാറില്ല . അഥവാ അങ്ങിനെ ഏറ്റെടുത്താല്‍ തന്നെ രഹസ്യമായി വ്യത്യസ്ഥ അക്കൌണ്ട് വഴി ആയിരിക്കും പണമിടപാടികള്‍ നടത്തുന്നത്. എന്നാല്‍ ലക്ഷ്മി ആര് ഷെണോയ് എന്ന വ്യക്തിയുടെ അക്കൌണ്ട് വഴിയാണ് ഇരുവരുടെയും പ്രചാരണത്തിനായി ഫെയ്സ് ബുക്കിന് പണം നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ ആര് എസ് എസ് അനുയായി ആണെന്ന് അവരുടെ ഫെയ്സ് ബുക്ക് പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണ്. കണ്ണന്താനത്തിനും പ്രേമചന്ദ്രനുമായി പണം മുടക്കുന്നത് ഒറ്റ ബാങ്ക് അക്കൌണ്ടില്‍ നിന്നാണെന്നാണ് വ്യക്തമായിരിക്കുന്നത്. അതിനാല്‍ത്തന്നെ എന്‍.കെ. പ്രേമചന്ദ്രന്റെ ആര് എസ് എസ് ബന്ധത്തിന് ഇതില്‍പ്പരം തെളിവ് ആവശ്യമില്ലെന്നും അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും എം.എ ബേബി വ്യക്തമാക്കി.
രാഷ്ട്രീയ അവസരവാദത്തിന്റെ പ്രതിനിധിയായ ഒരാള്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയാവുന്നത് കൊല്ലം ജനതയ്ക്ക് അപമാനമാണെന്നും രാഷ്ട്രപിതാവിന്റെ ഘാതകന്മാരുടെ അതേ വര്‍ഗീയ മനോഭാവം കാട്ടാനാണോ പ്രേമചന്ദ്രന്റെ ഉദ്ദേശമെന്ന് കൊല്ലത്തെ വോട്ടര്‍മാര്‍ ചോദിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.
എന്‍.കെ. പ്രേമചന്ദ്രനെ സഹായിക്കാനാണ് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ കൊല്ലത്ത് ബി ജെ പി മത്സരിപ്പിച്ചതെന്നും ബി ജെ പി വോട്ടുകള്‍ പ്രേമചന്ദ്രന് നല്കാന് രഹസ്യ ധാരണയുണ്ടെന്നും എല്‍ ഡി എഫ് നേതാക്കള്‍ പലതവണ ആരോപിച്ചിരുന്നു. എന്നാല്‍ അതിനൊന്നും വ്യക്തമായ തെളിവുകള്‍ നല്കാന് അവര്‍ക്ക് സാധിച്ചിരുന്നില്ല . എന്നാല്‍ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പുറത്തുവന്നിരിക്കുന്ന തെളിവുകള്‍ എന്‍ കെ പ്രേമചന്ദ്രനും യു ഡി എഫ് കേന്ദ്രങ്ങളും പ്രതികൂലമാകുമെന്നാണ് വിലയിരുത്തല്‍.