തുറിച്ചുനോക്കല്‍ തെറ്റല്ലെന്ന് സമര്‍ത്ഥിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. പൊതു സ്ഥലത്ത് സ്ത്രീക്ക് മുലയൂട്ടുന്നതില്‍ തെറ്റെന്താണ്. തുറിച്ചു നോക്കരുത് എന്ന എന്ന വാക്യം തന്നെ തെറ്റാണ് അവര്‍ നോക്കിക്കോട്ടെ എനിക്കെന്താ എന്ന നിലപാട് സ്വീകരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത്തരമൊരു ചര്‍ച്ചയ്ക്ക് കാരണമാക്കിയ മോഡലിനെ പിന്തുണക്കുകയും ചെയ്തു. സെന്‍സര്‍ഷിപ്പ് നടത്തേണ്ടത് നമ്മളാണെന്നും അവര്‍ പറഞ്ഞു. പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ വരെ തോന്നിയിട്ടുണ്ടെന്നും ഇവരെയാണ് നമ്മള്‍ തുറിച്ചു നോക്കേണ്ടത്, നാണം കൊണ്ടെങ്കിലും അത് അവസാനിക്കട്ടെയെന്നും ഭാഗ്യലക്ഷ്മി ചര്‍ച്ചയ്ക്കിടെ പറഞ്ഞു. ഗൃഹലക്ഷ്മിയുടെ ‘കേരളത്തോട് തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മൂലയൂട്ടണം’ എന്ന പേരില്‍ പുറത്തിറങ്ങിയ കവര്‍ചിത്രവിവാദവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുബോധത്തിലാണ് മാറ്റം വരേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ കവര്‍ വന്‍ വിവാദമാണ് ഉയര്‍ത്തിയിരിക്കുന്നത്.
അതേസമയം ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ കേസ്. അഡ്വ. വിനോദ് മാത്യു വില്‍സനാണ് കൊല്ലത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നല്‍കിയത്. കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ പി.വി. ഗംഗാധരനാണ് ഒന്നാംപ്രതി. പി.വി ചന്ദ്രന്‍, എം.പി ഗോപിനാഥ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. നടിയും കവര്‍ചിത്രത്തിന്റെ മോഡലുമായ ജിലു ജോസഫാണ് നാലാം പ്രതി.
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ചാണ് കേസ്. രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് കേസില്‍ ആരോപിച്ചിരിക്കുന്നതെന്നാണ് വിവരം. മൊഴി എടുക്കുന്നതടക്കമുള്ള നടപടികള്‍ക്കായി കേസ് 16ലേക്ക് മാറ്റി. ഓപ്പണ്‍ കോടതിയില്‍ മൊഴിയെടുക്കും. നേരത്തെ ഇതേ വിഷയത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനിലും മനുഷ്യവകാശ കമ്മീഷനിലും പരാതി ലഭിച്ചിട്ടുണ്ട്.
ഗൃഹലക്ഷ്മി എഡിറ്റര്‍, കവര്‍ മോഡല്‍ ജിലു ജോസഫ്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ജിയാസ് ജമാലാണ് പരാതി നല്‍കിയിരിക്കുന്നത്. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം’ എന്നപേരിലാണ് ഗൃഹലക്ഷ്മമി മാഗസിന്‍ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം പ്രസിദ്ധീകരിച്ചത്.