ടെഹ്റാൻ: ഇസ്രയേൽ–യു.എസ്. സഖ്യം ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണത്തിന് തിരിച്ചടിയായി അടച്ച ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യ, പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയതായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യാഴാഴ്ച അറിയിച്ചു. ഇറാൻ കോൺസുലേറ്റ് ജനറൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിവരം.
കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ ഊർജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരത്തിൽ അനുമതി ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടിക ഇറാൻ വ്യക്തമാക്കുന്നത്.
ഇറാനെതിരായ ആക്രമണത്തെ പിന്തുണക്കാത്തതും രാജ്യത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതുമായ കപ്പലുകൾക്ക് ഹോർമുസ് വഴി സുരക്ഷിതമായി കടന്നുപോകാമെന്ന് ഇറാൻ നേരത്തേ അറിയിച്ചിരുന്നു.
അതേസമയം, ശത്രുരാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകളെ മാത്രമേ ലക്ഷ്യമിടുകയുള്ളുവെന്ന് ഇറാൻ പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആക്രമണഭീഷണി മൂലം നിരവധി കപ്പൽക്കമ്പനികൾ ഈ വഴി ഒഴിവാക്കുകയാണ്. ഇതിനിടെ, ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കപ്പൽക്കമ്പനിയായ കോസ്കോ ഏഷ്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചരക്കുബുക്കിങ് വീണ്ടും ആരംഭിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി നിശ്ചിത ഫീസ് ഈടാക്കാനുള്ള കരടു ബിൽ ഇറാൻ പാർലമെന്റ് തയ്യാറാക്കി വരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ അടുത്ത ആഴ്ചയോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
കടലിടുക്കിന്റെ നിയന്ത്രണവും പരമാധികാരവും നിയമപരമായി ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. കൂടാതെ, കപ്പൽക്കമ്പനികളിൽ നിന്ന് ഈടാക്കുന്ന ഫീസ് വരുമാന മാർഗമാക്കാനും ഇറാൻ പദ്ധതിയിടുന്നുവെന്ന് പാർലമെന്റ് അംഗത്തെ ഉദ്ധരിച്ച് ഫാർസ് റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധം ആരംഭിച്ചതിന് ശേഷം ബുധനാഴ്ച വരെ ഇന്ത്യൻ പതാകയിലുള്ള നാല് എൽ.പി.ജി. ടാങ്കറുകൾ ഹോർമുസ് വഴി ഇന്ത്യയിലെത്തിയിരുന്നു.















































