കൊച്ചി: ധരാലിയിലെ മേഘവിസ്ഫോടനത്തിനു പിന്നാലെയുണ്ടായ അപകടത്തിൽപെട്ടവരിൽ മലയാളികളും. ഒരാഴ്ച മുൻപു യാത്രതിരിച്ച 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. ഇതിൽ 8 പേർ കേരളത്തിൽ നിന്നുള്ളവരാണെന്നാണ് അറിയുന്നത്. മറ്റുള്ളവർ മുംബൈ മലയാളികളാണ്.
ഇവരുടെ കൂട്ടത്തിൽപ്പെട്ട കൊച്ചി സ്വദേശികളായ ദമ്പതികളായ പള്ളിപറമ്പ്കാവ് ദേവി നഗറിൽ നാരായണൻ, ഭാര്യ ശ്രീദേവി പിള്ള എന്നിവരെ അപകടത്തിനു ശേഷം ഇതുവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ശ്രീദേവി പിള്ള മുൻപ് നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. 28 അംഗ സംഘം ഒരാഴ്ച മുൻപാണ് ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. ട്രാവൽസിലാണ് യാത്ര തിരിച്ചതെന്നും അപകടത്തിനു പിന്നാലെ ഇതുവരെയും കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഇതിനിടെ ഇന്നലെ രാവിലെ ഗംഗോത്രിയിലേക്കു പോകുന്നു എന്നാണ് യാത്ര പോയവർ അറിയിച്ചത്. അതിനുശേഷം ആരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഡൽഹിയിൽ നിന്ന് ഹരിദ്വാറിലെത്തി അവിടെ നിന്നാണ് സംഘം ഗംഗോത്രിയിലേക്കു യാത്ര തിരിച്ചത്. എന്നാൽ സംഘാംഗങ്ങൾ സുരക്ഷിതരാണെന്നാണ് മലയാളം സമാജം കൂട്ടായ്മ അറിയിച്ചത്.