വാഷിങ്ടൺ: സംഘർഷം ആരംഭിച്ച് മൂന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഇരുവിഭാഗവും ചിലവിട്ടത് വൻ സാമ്പത്തീകശേഷി. ഭാരിച്ച സാമ്പത്തിക ചെലവിനാൽ ഇരുപക്ഷവും വിയർക്കുകയാണ്. ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളുടെ പരമ്പര അമേരിക്കയെയും സഖ്യകക്ഷികളെയും ആശങ്കപ്പെടുത്തുന്നു. എന്നാൽ, ആയുധശേഖരം തീർന്ന് പോകുന്നത് ഇറാനെയും ആശങ്കപ്പെടുത്തുന്നു. ക്രൂയിസ് മിസൈലുകളായ ഷാഹെദ്-136 വൺ-വേ അറ്റാക്ക് ഡ്രോണുകൾ തിങ്കളാഴ്ചയും മിഡിൽ ഈസ്റ്റിലുടനീളം ഇറാൻ തൊടുത്തു. സമീപ ദിവസങ്ങളിൽ യുഎസ് താവളങ്ങൾ, എണ്ണ അടിസ്ഥാന സൗകര്യങ്ങൾ, സിവിലിയൻ കെട്ടിടങ്ങൾ എന്നിവക്ക് നേരെയും ഇറാൻ മിസൈലാക്രമണം നടത്തി. ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, കൃത്യതയുള്ള ബോംബുകൾ എന്നിവ ഉപയോഗിച്ചാണ് ഇറാന്റെ ആക്രമണം.
അതേസമയം, ഇറാനിയൻ ഷഹെദ്‌സ്, മറ്റ് ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ തടയുന്നതിൽ യുഎസ് നിർമ്മിത പാട്രിയറ്റ് വ്യോമ പ്രതിരോധ മിസൈലുകൾ വലിയതോതിൽ വിജയിച്ചു. അതേസമയം അവയ്ക്ക് ഇന്റർസെപ്ഷൻ നിരക്ക് കൂടുതലാണെന്ന് യുഎഇ പറയുന്നു. 20,000 ഡോളർ (18.4 ലക്ഷം രൂപ) വിലമതിക്കുന്ന ഡ്രോണുകൾ നശിപ്പിക്കാൻ 4 മില്യൺ ഡോളർ (36.87 കോടി രൂപ) വിലമതിക്കുന്ന മിസൈലുകൾ ഉപയോഗിക്കേണ്ടി വരുമെന്നത് കടുത്ത സാമ്പത്തീക വെല്ലുവിളി ഉയർത്തുന്നു. ഇതേ പ്രശ്നമാണ് ഉക്രെയ്ൻ- റഷ്യ യുദ്ധത്തിന്റെ തുടക്കം മുതൽ നേരിടുന്നത്. ഇറാനിലും അമേരിക്കയും സഖ്യകക്ഷികളും സമാന പ്രശ്നമാണ് നേരിടുന്നത്. വിലകുറഞ്ഞ ആയുധങ്ങൾക്കായി കൂടുതൽ സങ്കീർണ്ണമായ ഭീഷണികൾക്കായി ഉദ്ദേശിച്ച് നിർമിച്ച പ്രത്യായുധങ്ങൾ ഉപയോഗിക്കേണ്ടി വരുന്നത് താങ്ങാനാകാത്ത ചെലവാണ് ഉണ്ടാക്കുന്നത്.
ജൂണിൽ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാന്റെ ആയുധ ശേഖരത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ബ്ലൂംബെർഗ് ന്യൂസ് വിശകലനം അനുസരിച്ച്, ഖത്തറിന്റെ പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ സ്റ്റോക്ക് നിലവിലെ ഉപയോഗ നിരക്കിൽ നാല് ദിവസം കൂടി നിലനിൽക്കും. അതുകൊണ്ട് തന്നെ സംഘർഷം വേഗത്തിൽ അവസാനിപ്പിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടുവരികയാണെന്നാണ്. ഈ റിപ്പോർട്ടിന് മറുപടിയായി ഖത്തർ സായുധ സേനയുടെ കൈവശമുള്ള പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ ശേഖരം തീർന്നിട്ടില്ലെന്നും അവ ഇപ്പോഴും ശേഖരത്തിലുണ്ടെന്നും ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ഇസ്രായേലുമായുള്ള സംഘർഷത്തിനുശേഷം ഇറാന്റെ കൈവശം ഏകദേശം 2,000 ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരുന്നു. ബ്ലൂംബെർഗ് ഇക്കണോമിക്സിലെ പ്രതിരോധ മേധാവി ബെക്ക വാസറിന്റെ വിശകലനമനുസരിച്ച്, മറ്റൊരു പ്രധാന നിർമ്മാതാക്കളായ റഷ്യയ്ക്ക് പ്രതിദിനം നൂറുകണക്കിന് നിരക്കിൽ ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുള്ള ഷഹെദ്‌സ് മിസൈലുകൾ ഇറാന്റെ കൈവശം ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും പറയുന്നു.
ഈ വർഷത്തെ സംഘർഷത്തിന്റെ തുടക്കം മുതൽ ടെഹ്‌റാൻ 1,200-ലധികം പ്രൊജക്‌ടൈലുകൾ വിക്ഷേപിച്ചു. അവയിൽ പലതും ഷഹെദ്‌സ് ആയിരുന്നു. ഇറാൻ മിസൈൽ ആക്രമണം തടയാൻ, ലോഞ്ചറുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇസ്രായേൽ വർധിപ്പിച്ചു.
യുഎസും അതിന്റെ പ്രാദേശിക പങ്കാളികളും പ്രധാനമായും ഉപയോഗിക്കുന്നത് ആർടിഎക്സ് കോർപ്പറേഷൻ പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളാണ്. ഇവയുടെ ഉൽപാദനം വർദ്ധിപ്പിക്കാൻ പെന്റഗൺ ശ്രമിച്ചിട്ടുണ്ടെങ്കിലും, 2025 ൽ ഏകദേശം 600 പിഎസി-3 മിസൈലുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂവെന്ന് ലോക്ക്ഹീഡ് പറയുന്നു. സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും താഡ് (THAAD) ഉപയോഗിക്കുന്നു. കൂടുതൽ നൂതനവും വേഗത്തിൽ ചലിക്കുന്നതുമായ മിസൈലുകളെ ആക്രമിക്കാൻ രൂപകൽപ്പന ചെയ്‌ത ഒരു ലോക്ക്ഹീഡ് സംവിധാനമാണ് താഡ്. എന്നാൽ ഒരു മിസൈലിന് ഏകദേശം 12 മില്യൺ ഡോളർ ചെലവ് വരുന്നതാണ് വെല്ലുവിളി.














































