ദുബായ്: എന്തൊരു കളിയാണ് മക്കളേ ഇത്… 19 പന്ത് നേരിട്ടിട്ടും ഒരു റൺസുപോലുമെടുക്കാനാകാതെ ഓപ്പണർ മൊഹമ്മദ് ഹെയറിൽ. ഏഴ് പന്ത് നേരിട്ട മറ്റൊരു ഓപ്പണർ ആസിബ് വാജ്ദിക്കും അക്കൗണ്ട് തുറക്കാനായില്ല. മൊഹമ്മഹ് അഫിനിദും ക്യാപ്റ്റൻ ഡീസ പാട്രോയും പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും നടന്നില്ല… അണ്ടർ 19 ഏഷ്യാ കപ്പിൽ മലേഷ്യയെ അടിച്ചും എറിഞ്ഞും 93 ൽ ഒതുക്കിയതോടെ ഇന്ത്യയ്ക്ക് 315 റൺസിന്റെ ത്രസിപ്പിക്കും വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഗ്യാൻ കുണ്ടുവിൻറെ ഇരട്ട സെഞ്ചുറി മികവിൽ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 408 റൺസെടുത്തപ്പോൾ മലേഷ്യയുടെ യുദ്ധം 32.1 ഓവറിൽ 93 റൺസിന് അവസാനിച്ചു.
ഒമ്പതാമനായി ക്രീസിലെത്തിയ 35 റൺസെടുത്ത ഹംസ പാംഗിയാണ് മലേഷ്യയുടെ ടോപ് സ്കോറർ. 13 റൺസെടുത്ത ക്യാപ്റ്റൻ ഡീസ പാട്രോയും 12 റൺസെടുത്ത മുഹമ്മദ് അഫിനിദും 10 റൺസെടുത്ത ജാഷ്വിൻ കൃഷ്ണമൂർത്തിയും മാത്രമാണ് മലേഷ്യൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രൻ 22 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്തപ്പോൾ ഉദ്ധവ് മോഹൻ രണ്ടു വിക്കറ്റെടുത്തു. സ്കോർ ഇന്ത്യ 50 ഓവറിൽ 408-7, മലേഷ്യ 32.1 ഓവറിൽ 93ന് ഓൾ ഔട്ട്.
ഇന്ത്യ പടുത്തുയർത്തിയ റൺമലയ്ക്കു മുന്നിലേക്ക് ബാറ്റുവീശിയ മലേഷ്യക്ക് തുടക്കം മുതൽ അടിതെറ്റി. 38-7ലേക്കും 57-8ലേക്കും വീണ മലേഷ്യയെ ഹംസ പാംഗിയുടെ പോരാട്ടമാണ് 93 റൺസിലേക്കെങ്കിലും എത്തിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 125 പന്തിൽ 209 റൺസുമായി പുറത്താവാതെ നിന്ന അഭിഗ്യാൻ കുണ്ടുവിൻറെ ഇരട്ട സെഞ്ചുറി കരുത്തിലാണ് കൂറ്റൻ സ്കോർ കുറിച്ചത്.125 പന്തുകൾ നേരിട്ട കുണ്ടു ഒമ്പത് സിക്‌സും 17 ഫോറും നേടി. വേദാന്ത് ത്രിവേദി (106 പന്തിൽ 90), വൈഭവ് സൂര്യവൻഷി (26 പന്തിൽ 50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
മുഹമ്മദ് അക്രം മലേഷ്യക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് ബിയിൽ യുഎഇ, പാകിസ്ഥാൻ എന്നിവരെ തോൽപ്പിച്ച ഇന്ത്യ നേരത്തെ സെമി ഫൈനൽ ഉറപ്പിച്ചിരുന്നു. പാക്കിസ്ഥാനെതിരെ കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം ആരോൺ ജോർജ്, ഹെനിൽ പട്ടേൽ എന്നിവർ ഇന്ന് പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നില്ല. പകരം ഹർവൻഷ് പങ്കാലിയ, കിഷൻ കുമാർ സിംഗ് എന്നിവർ ടീമിലെത്തി.














































