തിരുവനന്തപുരം: കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ എൽഡിഎഫിന്റെ സിറ്റിങ് സിറ്റിങ് സീറ്റ് പിടിച്ചടക്കി യുഡിഎഫിന്റെ വിജയം. യുഡിഎഫ് സ്ഥാനാർഥി കെ.എച്ച്. സുധീർഖാൻ 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയെ തോൽപിച്ചത്. ഇതോടെ യുഡിഎഫിന് നഗരസഭയിൽ 20 സീറ്റായി. കഴിഞ്ഞ തവണ 10 സീറ്റായിരുന്നു നഗരസഭയിൽ യുഡിഎഫിനുണ്ടായിരുന്നത്. വിഴിഞ്ഞം കൂടി നേടിയതോടെ സീറ്റ് എണ്ണം ഇരട്ടിയാക്കാനായതാണ് ഇത്തവണത്തെ യുഡിഎഫിന്റെ നേട്ടം. എൽഡിഎഫിന് 29 സീറ്റുണ്ട്.
അതേസമയം സ്വന്തം നിലയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടായിരുന്ന ബിജെപിയുടെ മോഹവും ഇതോടെ അസ്തമിച്ച് മൂന്നാം സ്ഥാനത്തായി. കോർപ്പറേഷനിലെ 101 വാർഡുകളിൽ 50 സീറ്റാണ് ബിജെപിക്കുള്ളത്, വിഴിഞ്ഞത്ത് ശക്തമായി ഇറങ്ങിയതോടെ വാർഡിൽ ത്രികോണ മത്സരത്തിന്റെ പ്രതീതിയുണ്ടായിരുന്നു. നിലവിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായാണ് ബിജെപി ഭരണം നടത്തുന്നത്.
ഐഎൻടിയുസി നേതാവും ഹാർബർ വാർഡിലെ മുൻകൗൺസിലറുമായിരുന്നു സുധീർ ഖാൻ. സിപിഎം ലോക്കൽ കമ്മിറ്റിയംഗം എൻ. നൗഷാദാണ് എൽഡിഎഫിനായി മത്സരിച്ചത്. മുൻ ഏരിയാ പ്രസിഡന്റും വിഴിഞ്ഞം ഗ്രാമപ്പഞ്ചായത്തംഗവുമായിരുന്ന സർവശക്തിപുരം ബിനുവായിരുന്നു ബിജെപി സ്ഥാനാർഥി.
13305 വോട്ടർമാരുള്ള വാർഡിൽ 8912 വോട്ടുകൾ പോൾ ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 4312 പുരുഷൻമാരും 4599 സ്ത്രീകളും ഒരു ട്രാൻസ് ജെൻഡറുമാണ് വോട്ടു രേഖപ്പെടുത്താനെത്തിയത്. സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന്റെ തലേദിവസം മരിച്ചതിനെത്തുടർന്നാണ് വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് ജനുവരി 12-ലേക്ക് മാറ്റിയത്.



















































