തിരുവനന്തപുരം: പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതോടെ മുന്നണിയിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ യുഡിഎഫിലേക്ക് വരണമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തയ്യാറെങ്കിൽ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
‘സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ യുഡിഎഫിലേക്ക് വരണം. യുഡിഎഫ് കൺവീനർ ആയ നാൾ മുതൽ താൻ അഭിപ്രായം തുറന്നുപറഞ്ഞിട്ടുണ്ട്. പഴയകാര്യങ്ങൾ കൂടി ചിന്തിച്ചുകൊണ്ടായിരിക്കണം വരേണ്ടത്. അച്യുതമേനോന് മുഖ്യമന്ത്രിയാകാൻ അവസരം ഒരുക്കിയത് യുഡിഎഫ് സംവിധാനത്തിലൂടെയാണെന്ന് ഓർക്കണം എന്ന് ഓർമ്മിപ്പിക്കുകയുണ്ടായി. സിപിഐയുടെ നിരവധിയാളുകൾ എന്നെ ബന്ധപ്പെടുകയുണ്ടായി. വന്നാൽ സ്വാഗതം ചെയ്യും’, അടൂർ പ്രകാശ് പറഞ്ഞു.
അതേസമയം സിപിഐയുമായുള്ള ചർച്ചകൾ പല രീതിയിൽ പലവട്ടം നടന്നിട്ടുള്ളതാണെന്നും ആ ചർച്ചയെല്ലാം അടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. ബിനോയ് വിശ്വത്തെ കണ്ടില്ല. അദ്ദേഹം തയ്യാറാണെങ്കിൽ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ്. ബിനോയ് വിശ്വവുമായി മുന്നണി പ്രവേശനം ചർച്ച ചെയ്തിട്ടില്ല. മറ്റു പലയാളുകളുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അടൂർ പ്രകാശ് വിശദീകരിച്ചു.
അതേസമയം കൂടിയാലോചനകളില്ലാതെ പിഎം ശ്രീയിൽ ഒപ്പുവെച്ചതിൽ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് ബിനോയ് വിശ്വം നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നുകാട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് ബിനോയ് വിശ്വം കത്ത് അയച്ചിരുന്നു. അതിൽ മുന്നണി നേതാക്കൾക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. മുന്നണി മര്യാദകളെല്ലാം ലംഘിക്കുന്നതാണ് വിവാദ പദ്ധതിയിലെ കേന്ദ്രവുമായുള്ള കൈകോർക്കൽ നടപടിയെന്നും ബിനോയ് വിശ്വം കത്തിലൂടെ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തു. ധാരണാപത്രത്തിൽ ഒപ്പിട്ടതിലൂടെ കേന്ദ്രസർക്കാരിനെതിരായ എൽഡിഎഫിന്റെ പോരാട്ടം ദുർബലപ്പെട്ടുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
















































