വാഷിങ്ടൺ:ഇറാന്റെ ഭാവി നേതൃത്വത്തെ രൂപപ്പെടുത്തുന്നതിൽ യുഎസും ഇടപെടും എന്നതിന്റെ വ്യക്തമായ സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കാളിയാകേണ്ടതുണ്ട് എന്ന് പറഞ്ഞ ട്രംപ് ഖമനേയിയുടെ മകൻ സ്വീകാര്യനല്ലെന്നും അറിയിച്ചു. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം പരമോന്നത പദവി ഇറാൻ മകൻ മൊജ്തബ ഖമനേയിക്ക് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളെ ട്രംപ് തള്ളി. ഖമനേയിയുടെ മകൻ പ്രാധാന്യമില്ലാത്തയാളാണ്, ട്രംപ് ആവർത്തിച്ചു.
‘ അവർ അവരുടെ സമയം കളയുകയാണ്. ഖമനേയിയുടെ മകൻ എനിക്ക് സ്വീകാര്യനല്ല. ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്ന ഒരാളെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’ എന്നും ട്രംപ് പിന്നീട് കൂട്ടിച്ചേർത്തു.
വെനസ്വേലയിൽ മഡുറോയ്ക്ക് ശേഷം ഡെൽസി റോഡ്രിഗസിനെ നിയമിച്ചത് പോലെ ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിലും ട്രംപിന്റെ പങ്കാളിത്തം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ.
‘ഇറാന്റെ ഭാവി നേതൃത്വത്തിന്മേൽ എനിക്ക് വലിയ സ്വാധീനമുണ്ടാകും, അല്ലെങ്കിൽ അവർക്ക് ഒരു ഒത്തുതീർപ്പും ഉണ്ടാകില്ല. ആണവായുധങ്ങൾ ഇല്ലാതെ തന്നെ ഇറാനെ മനോഹരമായി നിർമ്മിക്കാൻ കഴിയുന്ന ഒരാളെ അവിടെ എത്തിക്കാൻ ഞങ്ങൾ ജനങ്ങളോടൊപ്പം പ്രവർത്തിക്കും’ട്രംപ് പറഞ്ഞു.
ഇതിനിടെ ട്രംപ് ഇറാനി നയതന്ത്രജ്ഞരോട് അഭയം തേടാൻ ആവശ്യപ്പെട്ടു.’ലോകമെമ്പാടുമുള്ള ഇറാനിയൻ നയതന്ത്രജ്ഞരോട് അഭയം തേടാനും പുതിയതും മെച്ചപ്പെട്ടതുമായ ഇറാൻ രൂപപ്പെടുത്താൻ ഞങ്ങളെ സഹായിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു’ വൈറ്റ്ഹൗസിൽ നടന്ന ഒരു പരിപാടിക്കിടെ ട്രംപ് പറഞ്ഞു.
















































