വാഷിംഗ്ടൺ: ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾക്ക് അമേരിക്ക രഹസ്യമായി പിന്തുണ നൽകിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ പ്രതിഷേധക്കാരെ സഹായിക്കാൻ ആയുധങ്ങൾ എത്തിക്കാൻ അയച്ചെങ്കിലും, അവ കുർദിഷ് ഗ്രൂപ്പുകൾ കൈക്കലാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഫോക്‌സ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്.
ഇതിനിടെ, ഇറാനുമായുള്ള സംഘർഷത്തിനിടെ ഒരു പുതിയ കരാറിന് സാധ്യതയുണ്ടെന്ന സൂചനയും ട്രംപ് നൽകി. തിങ്കളാഴ്ചയോടെ ഒരു പുതിയ കരാറിൽ ഏർപ്പെടാൻ സാധിക്കുമെന്ന് താൻ കരുതുന്നതായും ഇതിന് നല്ല സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാന് മുമ്പ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഈ പ്രസ്താവന.
എന്നാൽ, ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നടപടികൾ സ്വീകരിക്കുമെന്ന നിലപാടിൽ നിന്ന് ട്രംപ് പിന്നോട്ടില്ല. ഇറാന്റെ എണ്ണ ശേഖരങ്ങളും പ്രധാന അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് തുറക്കാനും കരാറിലെത്താനും ഇറാൻ ശ്രമിച്ചില്ലെങ്കിൽ ഒറ്റയടിക്ക് മുഴുവൻ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. 48 മണിക്കൂർ സമയപരിധി അവസാനിച്ചാൽ ചൊവ്വാഴ്ച ഇറാനിൽ പവർപ്ലാന്റ് ഡേ ബ്രിഡ്ജ് ഡേ എന്നിവയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണമുണ്ടായാൽ മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ സാമ്പത്തിക താത്പര്യങ്ങളെ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, നയതന്ത്രപരമായ പരിഹാരത്തിനുള്ള ശ്രമങ്ങൾക്കും ഒരുപോലെ പ്രാധാന്യം ലഭിക്കുകയാണ്.












































