വാഷിങ്ടൺ: ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അന്ത്യശാസനസമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഹോർമുസ് കടലിടുക്ക് ഇറാൻ എത്രയും വേഗം തുറന്നുകൊടുക്കണമെന്ന കർശന ഉപാധിയോടെയാണ് ഈ വെടിനിർത്തലെന്നും ട്രംപ് വ്യക്തമാക്കി.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ട്രംപ് തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി അറിയിച്ചു. ‘ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങൾ നിർത്തിവെക്കാൻ പാക് നേതാക്കൾ അഭ്യർത്ഥിച്ചു. ഹോർമുസ് കടലിടുക്ക് ഉടൻതന്നെ തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാണെങ്കിൽ, രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ സമ്മതിക്കുന്നു. ഇതൊരു ഇരുപക്ഷ വെടിനിർത്തലായിരിക്കും’.- ട്രംപ് കുറിച്ചു.
ഇറാനെതിരായ സൈനിക നീക്കത്തിനുള്ള സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് നേരത്തെ ട്രംപിനോട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് അഭ്യർഥിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് തുറന്നുകൊടുക്കണമെന്ന് അദ്ദേഹം ഇറാനോടും ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം പൂർണമായും അവസാനിപ്പിക്കാൻ എല്ലാ കക്ഷികളും രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പാകിസ്താൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.















































