കൊച്ചി: ഓട്ടോക്കാരന്റെ സ്റ്റാര്‍ട്ടപ്പ് എന്നു വി.ഡി. സതീശന്‍ പരിഹസിച്ച കൊച്ചിയിലെ കമ്പനി ഇന്നു കോടികളുടെ കരാറുകളില്‍ ഏര്‍പ്പെടുന്ന സ്ഥാപനം. കോവിഡ് കാലത്തു കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം 254 ശതമാനം വളര്‍ന്നെന്ന ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിലെ കണക്കുകള്‍ പുറത്തുവരുമ്പോഴാണ് കോവിഡ് കാലത്ത് ഒരു കമ്പനിക്കു കരാര്‍ നല്‍കിയതിനെക്കുറിച്ചു വി.ഡി. സതീശന്‍ അന്നു പറഞ്ഞ പ്രതികരണവും പുറത്തുവന്നത്.
കോവിഡ് കാലത്ത് ലോകത്തെല്ലായിടവും നിശ്ചലമായിരുന്നു. കേരളത്തില്‍ മാത്രമായിരുന്നില്ല കോവിഡ്. കേരളം കോവിഡ് ബാധിക്കാത്ത സ്ഥലവുമായിരുന്നില്ല. എന്നിട്ടും ആഗോള ശരാശരി 46 ശതമാനം വളര്‍ച്ച പ്രാപിച്ചപ്പോള്‍ കേരളം 254 ശതമാനം വളര്‍ന്നു. കൊച്ചിയില്‍നിന്നുള്ള നിരവധി കമ്പനികളുടെയും തൃശൂരിലെ ഇന്‍കര്‍ റോബോട്ടിക്‌സ് അടക്കമുള്ള സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒന്നും നടക്കാതിരുന്ന കാലത്താണ് കേരളത്തില്‍നിന്നുള്ള ട്രാന്‍സ്മിയോ ഐടി സൊല്യൂഷന്‍സ് എന്ന കമ്പനിക്കു കേരള സര്‍ക്കാര്‍ സഹായം നല്‍കിയത്. ഓട്ടോറിക്ഷക്കാരന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്ഥാപനം എന്നായിരുന്നു സതീശന്റെ പരിഹാസം.
കോവിഡ് കാലത്തു ലോക്ക്ഡൗണില്‍ വീട്ടിലിരിക്കുന്നവര്‍ക്കു ഡോക്ടര്‍മാരുടെ സഹായം എത്തിക്കാനുള്ള ടെലിഫോണ്‍ പദ്ധതിക്കുവേണ്ടിയാണു സ്റ്റാര്‍ട്ടപ്പുകളെ തേടിയത്. അങ്കമാലിയിലെ സേഫില്‍ സണ്ണിയെന്ന ചെറുപ്പക്കാരന്റെ ട്രാന്‍സ്മിയോ എന്ന കമ്പനിയെയാണു തെരഞ്ഞെടുത്തത്. ഇദ്ദേഹത്തിന്റെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്.
സഫില്‍ സണ്ണിയുടെ സ്റ്റാര്‍ട്ടപ്പായ ക്വിക്ക് ഡോക്ടര്‍ ഹെല്‍ത്ത് കെയറിനു കരാര്‍ നല്‍കിയതിനെതിരേ സതീശന്‍ അഴിമതി ആരോപണവുമായി വന്നു. കോവിഡിന് ശേഷം സഫില്‍ സണ്ണിയുടെ തന്നെ സ്റ്റാര്‍ട്ടപ്പായ ട്രാന്‍സ് മിയോ സൊല്യുഷന്‍സ് ബ്രിട്ടീഷ് പെട്രോളിയം കമ്പനിയായ ഷെല്ലിന്റെ നിക്ഷേപം നേടിയെടുത്തതാണ് നാം കണ്ടത്. എണ്ണ-വാതക പൈപ്പ് ലൈനുകളിലെ ചോര്‍ച്ചയും മോഷണവും എ.ഐ., മെഷീന്‍ ലേണിങ്, ഫൈബര്‍ സെന്‍സിങ് തുടങ്ങിയ സാങ്കേതികവിദ്യകളിലൂടെ കണ്ടെത്തുന്ന സോഫ്റ്റ്വേറും ഹാര്‍ഡ്വേറും വികസിപ്പിച്ചാണ് സഫില്‍ സണ്ണിയുടെ കമ്പനി ഷെല്ലിന്റെ സ്റ്റാര്‍ട്ടപ്പ് ആക്‌സിലേറ്റര്‍ പദ്ധതിയില്‍ പങ്കാളിത്തം നേടിയത്. ഷെല്ലിന്റെ പ്രതിനിധി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലും അംഗമാകും. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി, ഇന്നു യുഎസ്, യുഎഇ എന്നിവിടങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
2018ല്‍ പൊതുമേഖല എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍നിന്ന് സീഡ് ഫണ്ടിംഗ് ലഭിച്ചതിനുശേഷം അതിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗംകൂടിയാണ് സഫില്‍. 290 കോടിയുടെ മൂല്യമാണ് കമ്പനിക്ക് ഇപ്പോഴുള്ളത്. ഇങ്ങനെയൊക്കെയാണ് 2021ന് ശേഷം കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം 254 ശതമാനം വളര്‍ച്ച കൈവരിച്ചത്. അതിന് കോവിഡ് കാലത്തും അതിന് മുമ്പും അതിന് ശേഷവും സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ പിന്തുണയും കാരണമായെന്നു സഫില്‍ പറയുന്നു.