ജയ്പ്പൂർ: 60കാരിയെ ക്രൂരമായി കൊലപ്പെടുത്തി മോഷ്ടാക്കൾ. വയോധികയുടെ കഴുത്തറുത്ത മോഷ്ടാക്കൾ ആഭരണങ്ങൾ കവരാൻ കാലുകൾ അറുത്തുമാറ്റുകയും ചെയ്തു. രാജസ്ഥാനിലെ സവാദ് മധോപൂരിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഞെട്ടിക്കുന്ന സംഭവം. കൊഡ്യായ് ഗ്രാമത്തിലെ കമല ദേവിയാണ് കൊല്ലപ്പെട്ടത്. കൈകാലുകളിലെ കട്ടിയുള്ള വെള്ളിയാഭരണങ്ങളും കഴുത്തിലും ചെവിയിലും മൂക്കിലും അണിഞ്ഞിരുന്ന സ്വർണാഭരണങ്ങളും മോഷ്ടിക്കാനായിരുന്നു മോഷ്ടാക്കളുടെ കൊടുംക്രൂരത. ശരീരത്തിലുണ്ടായിരുന്ന ഏകദേശം ഏഴര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് വയോധികയെ കൊലപ്പെടുത്തി കള്ളന്മാർ കവർന്നത്.
വൈകീട്ട് ആടുകളെ മേയ്ക്കാൻ കാട്ടിൽ പോയതായിരുന്നു കമല ദേവി. ഏറെ വൈകിയിട്ടും തിരികെയെത്താത്തതിനാൽ കുടുംബം പരിഭ്രാന്തിയിലായി. തുടർന്ന് അമ്മയെ അന്വേഷിച്ച് കാട്ടിലേക്ക് പോയ മകൻ കാണുന്നത് കഴുത്തറുത്ത നിലയിൽ കാൽപ്പാദങ്ങളില്ലാതെ ചോരയിൽ കുളിച്ചുകിളക്കുന്ന കമല ദേവിയെയാണ്. മകന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിൽ മൂന്ന് കിലോമീറ്റർ അപ്പുറത്താണ് കമലയുടെ കാൽപ്പാദങ്ങൾ കണ്ടെത്തിയത്.
മുറിച്ചുമാറ്റിയ കാൽപ്പാദങ്ങളുമായി ഓടിയ മോഷ്ടാക്കൾ ആഭരണം എടുത്ത ശേഷം അവ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലയ്ക്കും കവർച്ചയ്ക്കും ശേഷം പ്രതികൾ രക്ഷപെട്ടതായും ഇവരെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കിയതായും എഎസ്പി നീൽകുമാർ മീണ പറഞ്ഞു. സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ കൊഡ്യായ് ഗ്രാമത്തിലെ പ്രധാന റോഡ് ഉപരോധിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ബൗളി സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.














































