ഹൈദരാബാദ്: ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പരാതി. തെലങ്കാന ഹനുമാകോണ്ട സ്വദേശിനിയായ ഫർഹത്ത് (26), മക്കളായ ഹുമേറ (8), ആയിശ( 6) എന്നിവരുടെ മരണത്തിലാണ് കൊലപാതകമെന്ന സംശയമുയർന്നിരിക്കുന്നത്. ഇതോടെ ഫർഹത്തിന്റെ ഭർത്താവ് മുഹമ്മദ് അസറുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം കഴിഞ്ഞദിവസമാണ് ഫർഹത്തിനെയും രണ്ടുമക്കളെയും അസറുദ്ദീന്റെയും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്കരികിലെ സ്വകാര്യ നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് അസറുദ്ദീനും കുടുംബവും ഇവിടെയെത്തിയത്. ഇവിടെ സമയം ചിലവഴിക്കുന്നതിനിടെ ഭാര്യയും കുട്ടികളും നീന്തൽക്കുളത്തിൽ വീണെന്നാണു ഇയാൾ പോലീസിനു നൽകിയ മൊഴി. നാട്ടുകാരും സമീപവാസികളും എത്തിയാണ് യുവതിയെയും കുട്ടികളെയും നീന്തൽക്കുളത്തിൽനിന്ന് പുറത്തെടുത്തത്. എന്നാൽ, മൂവരും മരിച്ചിരുന്നു.
എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് അസറുദ്ദീൻ നൽകിയ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. അപകട മരണമല്ലെന്നും യുവതിയെയും കുട്ടികളെയും അസറുദ്ദീൻ കൊലപ്പെടുത്തിയതാണെന്നും ഇവർ ആരോപിച്ചു.
ഫർഹത്ത് ആൺകുഞ്ഞിനെ പ്രസവിക്കാത്തതിന്റെ പേരിൽ അസറുദ്ദീൻ വഴക്കുണ്ടാക്കിയിരുന്നതായി യുവതിയുടെ കുടുംബം പരാതിയിൽ പറയുന്നത്. ഫർഹത്ത് മൂന്നാമതും ഗർഭിണിയായപ്പോൾ ഇതും പെൺകുഞ്ഞായിരിക്കുമെന്ന് ഇയാൾ കരുതി. തുടർന്ന് ഗർഭഛിദ്രത്തിനായി ഇയാൾ നിർബന്ധിച്ചു. എന്നാൽ, ഫർഹത്ത് ഇതിന് സമ്മതിച്ചില്ലെന്നും ഇതേത്തുടർന്ന് ദമ്പതിമാർക്കിടയിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായും ബന്ധുക്കൾ പറഞ്ഞു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ അസറുദ്ദീനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

















































