ചെന്നൈ: സാങ്കേതിക തകരാറിനെ തുടർന്നു പുതുക്കോട്ടയിൽ വിമാനം ദേശീയ പാതയിലിറക്കി. സേലത്തു നിന്നു പരിശീലനപ്പറക്കലിനിടെയാണു അപകടം. തുടർന്നു സെസ്ന വിഭാഗത്തിൽപ്പെട്ട ചെറുവിമാനം പുതുക്കോട്ട – തിരുച്ചിറപ്പള്ളി ദേശീയപാതയിലിറക്കുകയായിരുന്നു. ഇരു പൈലറ്റുമാർക്കും നേരിയ പരുക്കുമാത്രമെന്ന് പ്രാഥമിക വിവരം. വിമാനത്തിന്റെ മുൻഭാഗം തകർന്നു.
ഇന്നു ഉച്ചയ്ക്ക് 12.45 ഓടെ അമ്മച്ചത്തിരം ബസ് സ്റ്റോപ്പിന് സമീപമാണ് സിംഗിൾ എഞ്ചിൻ വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. സെസ്‌ന 172 തരം വിമാനം സേലത്ത് നിന്ന് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ പരിശീലന സ്ഥാപനത്തിന്റേതാണെന്ന് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. വിവരമറിഞ്ഞ്, പുതുക്കോട്ടൈ ജില്ലയിലെ കീരനൂർ സബ് ഡിവിഷനിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. സ്ഥലത്തിന് സമീപമുള്ള വാഹന ഗതാഗതം സുഗമമാക്കിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുവരുന്നു.


















































