അഹമ്മദാബാദ്: കഴിഞ്ഞ ദിവസമായിരുന്നു അഹമ്മദാബാദിലെ ആരാധകരെ നിശബ്ദരാക്കുമെന്ന ഗീർവാണം മിച്ചൽ സാന്റർ മാധ്യമങ്ങൾ മുന്നിൽ വിട്ടത്. അതിനു കുറിക്കുകൊള്ളുന്ന മറുപടി ഇന്ത്യൻ ക്യാപ്റ്റൻ അന്നേ നൽകിയെങ്കിലും ലോകകപ്പ് വേദിയിൽ അക്ഷരാർഥത്തിൽ പ്രാവർത്തികമായി. ബാറ്റ്കൊണ്ടും ബോളുകൊണ്ടും സമ്പൂർണാധിപത്യം. നിശബ്ദരായത് കിവികളാണെന്നു മാത്രം.
ഇതിനിടെ ന്യൂസിലൻഡ് ചെയ്തൊരു ആനമണ്ടത്തരം കിവീസിനു തുറന്നു കാണിച്ചുകൊടുത്തത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ. കളിക്കു മുൻപ് ന്യൂസീലൻഡ് നടത്തിയ ഒരു അപ്രതീക്ഷിത നീക്കം… അക്കാര്യം ഉടനെ തന്നെ സൂര്യകുമാർ ടീം ഡഗ്ഔട്ടിൽ അറിയിച്ചു. ഓഫ് സ്പിന്നർ കോൾ മക്കോഞ്ചി ടീമിൽ ഇല്ലെന്ന കാര്യമാണ് സൂര്യകുമാർ ടീമംഗങ്ങളെ അറിയിച്ചത്. അതേസമയം ന്യൂസീലൻഡിനെതിരായ ട്വന്റി 20 ലോകകപ്പിൽ സെമി ഫൈനലിലെ അതേ ടീമിനെ നിലനിർത്തുകയാണ് ഇന്ത്യ ചെയ്തത്.
ടോസിന് തൊട്ടുമുമ്പ് ന്യൂസീലൻഡ് ക്യാപ്റ്റൻ സാന്റ്‌നറിൽ നിന്ന് ടീം ഷീറ്റ് കിട്ടിയപ്പോൾ ആകാംക്ഷയോടെയാണ് സൂര്യകുമാർ യാദവ് അതിലേക്ക് നോക്കിയത്. കോൾ മക്കോഞ്ചി ടീമിൽ ഇല്ലെന്ന് മനസിലാക്കിയതോടെ ടീം ഡഗ് ഔട്ടിലേക്ക് ആംഗ്യം കാണിച്ച് ‘ഓഫ് സ്പിന്നർ ഇല്ല’ എന്ന് പറഞ്ഞു. പകരം പേസ് ബൗളർ ജേക്കബ് ഡഫിക്കാണ് കിവീസ് അവസരം നൽകിയത്.
എന്നാൽ ഓഫ് സ്പിന്നിനോടുള്ള ഇന്ത്യയുടെ ദൗർബല്യം പരസ്യമായ രഹസ്യമാണ്. ഈ ലോകകപ്പിന്റെ ആദ്യ പകുതിയിൽ എതിരാളികൾ ഇത് ശരിക്കും മുതലെടുത്തിരുന്നു. ഇടങ്കയ്യൻ ബാറ്റർമാരെ കൂടുതലുള്ള ഇന്ത്യയെ നേരിടാൻ സ്പിൻ തന്ത്രങ്ങൾ അവർ ഉപയോഗിച്ചു. എന്നാൽ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതിന് ശേഷം ഇന്ത്യ ഒരു തന്ത്രപരമായ നീക്കം നടത്തി. വലങ്കയ്യൻ ബാറ്റർ സഞ്ജു സാംസണെ ആദ്യമായി ബാറ്റു ചെയ്യാൻ നിയോഗിച്ചു. ആ ഒരു തന്ത്രമാണ് ഇന്ത്യയെ വിശ്വകിരീട വേദിയിലെത്തിച്ചത്.
















































