അഞ്ചുമാസങ്ങൾ… ക്രിക്കറ്റ് ലോകത്ത് എതിരാളികളെ നിലം പരിശാക്കി കിരീടങ്ങൾ ഇന്ത്യൻ അക്കൗണ്ടിലാക്കിയത് മൂന്നുതവണ… ഇപ്പോഴിതാ മറ്റൊരു ടി 20 ലോകകപ്പിനും കൂടി തിരശീല ഉയരുന്നു. ഇന്നാരംഭിക്കുന്ന ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ യുഎസിനെ നേരിടും.
2025 സെപ്റ്റംബറിൽ ചിരവൈരികളായ പാക്കിസ്ഥാനെ 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറി കടന്നായിരുന്നു ഇന്ത്യ ഏഷ്യൻ രാജാക്കന്മാരായത്. അന്നു അർധസെഞ്ചുറി നേടിയ തിലക് വർമയുടെ (53 പന്തിൽ 69*) മാസ്മരിക ഇന്നിങ്സാണ് ഇന്ത്യയെ ഏഷ്യൻ രാജാക്കന്മാരാക്കിയത്.
അതിനു തുടർച്ചയെന്നവണ്ണം അതേവർഷം നവംബറിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ പെൺപുലികൾ വിശ്വകിരീടം തൂക്കി. ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്തായിരുന്നു ഇന്ത്യൻ പെൺകരുത്തിന്റെ ജയം. ഇതോടെ ഏറെ അകലെയായിരുന്ന വനിതാ ലോകകപ്പ് എന്ന കന്നി കിരീടവും ഇന്ത്യ കൈപ്പിടിയിലൊതുക്കി.
ഏറ്റവുമൊടുവിലിതാ ആറാം അണ്ടർ 19 ലോകകപ്പ് കിരീടവും ഇന്ത്യൻ അക്കൗണ്ടിൽ. ക്രിക്കറ്റിന്റെ തലതൊട്ടപ്പൻമാരായ ഇംഗ്ലണ്ടിനെ അടിച്ചൊതുക്കിയാണ് ഈ വിശ്വകിരീടം ചൂടിയതെന്നതിനാൽ കിരീടത്തിന് മാറ്റ് കൂടും. ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്താണ് ഇന്ത്യൻ കൗമാരപ്പട ലോകകിരീടം ചൂടിയത്. മത്സരത്തിൽ 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസെടുത്ത് ഓൾഔട്ടായി.
സെഞ്ചുറി നേടിയ കാലെബ് ഫാൽകോനറാണു മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 67 പന്തുകൾ നേരിട്ട താരം 115 റൺസടിച്ചു പറത്തായി. ബെൻ ഡോകിൻസ് (56 പന്തിൽ 66), ബെൻ മേയസ് (28 പന്തിൽ 45), തോമസ് റ്യു (18 പന്തിൽ 31), ജെയിംസ് മിന്റോ (41 പന്തിൽ 28) എന്നിവർ മാത്രമാണ് പേരിനെങ്കിലും ഇംഗ്ലണ്ട് നിരയിൽ ചെറുത്തുനിൽപ് നടത്തിയത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇന്ത്യൻ വണ്ടർ കിഡ് വൈഭവിന്റെ അപരാജിയ ഇന്നിങ്സിന്റെ പിൻബലത്തിൽ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 411 റൺസെടുത്തു. വൈഭവിന്റെ അതിവേഗ സെഞ്ചുറിയാണ് ഇന്ത്യയുടെ വമ്പൻ സ്കോർ 400 കടത്തിയത്. 80 പന്തുകൾ നേരിട്ട താരം 175 റൺസടിച്ചാണു മടങ്ങിയത്. 15 സിക്സുകളും 15 ഫോറുകളും പായിച്ച വൈഭവ് 26–ാം ഓവറിൽ മനി ലുംസ്ഡെനിന്റെ പന്തിലാണു പുറത്താകുന്നത്.
അതേസമയം 55 പന്തുകളിലാണ് 14 വയസുകാരൻ താരം അണ്ടർ 19 ലോകകപ്പിലെ ആദ്യ സെഞ്ചുറിയിലെത്തിയത്. 32 പന്തുകളിൽ അർധസെഞ്ചുറി തൊട്ട വൈഭവ് പിന്നീടുള്ള 23 പന്തുകളിൽ 100 പിന്നിടുകയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെ 51 പന്തിൽ 53 റൺസെടുത്ത് പുറത്തായി . ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണു ലഭിച്ചത്. 11 പന്തിൽ ഒൻപതു റൺസെടുത്ത ഓപ്പണർ ആരോൺ ജോർജ് തുടക്കത്തിൽതന്നെ പുറത്തായി. അലക്സ് ഗ്രീനിന്റെ പന്തിൽ ബെൻ മേയസ് തകർപ്പൻ ക്യാച്ചിലൂടെയാണ് ആരോൺ മടക്കിയത്. തൊട്ടുപിന്നാലെ ആയുഷ് മാത്രെയെ കൂട്ടുപിടിച്ച് വൈഭവ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടുകൊണ്ടുപോയി.
ഇരുവരും ചേർന്ന് 90 പന്തുകളിൽ 142 റൺസിന്റെ കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. സ്കോർ 162ൽ നിൽക്കെ അലക്സ് ഗ്രീനിന്റെ പന്തിൽ ആയുഷും മടങ്ങി. നാലാമനായെത്തിയ വേദാന്ത് ത്രിവേദിയും വൈഭവും ചേർന്ന് 89 റൺസിന്റെ കൂട്ടുകെട്ടും ഉയർത്തി. വൈഭവിന്റെ ബാറ്റിങ് കരുത്തിൽ 21.4 ഓവറിൽ ഇന്ത്യ 200 കടന്നു. 25–ാം ഓവറിൽ താരം പുറത്തായതോടെ റണ്ണൊഴുക്കിനും വേഗം കുറഞ്ഞു.
അതേസമയം മറുസൈഡിൽ ഇംഗ്ലണ്ട് നിര ഒരിക്കലും ഇന്ത്യയ്ക്ക് ഭീഷണിയായില്ല. 142ന് മൂന്ന് എന്ന നിലയിൽനിന്ന് 177റൺസിലെത്തുമ്പോൾ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നീട് പരമാവധി പ്രതിരോധിച്ച് കൂട്ടത്തകർച്ചയൊഴിവാക്കാനായിരുന്നു ഇംഗ്ലണ്ട് ബാറ്റർമാരുടെ പരിശ്രമം. 41–ാം ഓവറിലെ രണ്ടാം പന്തിൽ ഫാൽകോനറിനെ കനിഷ്ക് ചൗഹാൻ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 311 ന് ഓൾഔട്ട്.















































