ചിക്കമംഗളൂരു: കർണാടകത്തിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കാണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൂടാതെ ശരീരത്തിൽ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. പരുക്കുകൾ വീഴ്ച്ചയിൽ സംഭവിച്ചതാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികത ഇല്ലെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 9 മണിയോടെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ 10 മണി വരെ പൊതുദർശനം. 10.30 ഓടെ സംസ്കാര ചടങ്ങുകൾ നടത്തും. വീട്ടിലെ പൊതുദർശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവർമഠത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം സംസ്കരിക്കുക.
കഴിഞ്ഞ ദിവസം കർണാടകത്തിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. തെർമൽ ഡ്രോണിന്റെ മോണിറ്ററിൽ ശ്രീനന്ദയുടെ മൃതദേഹം പതിഞ്ഞത്. കാണാനില്ലെന്ന് പറഞ്ഞ പ്രദേശത്തു നിന്ന് 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
















































