സാംഭൽ: വധുവിന്റെ വീട്ടിലേക്ക് ബന്ധുക്കളുമായി പുറപ്പെട്ട കാർ അപകടത്തിൽപ്പെട്ടു. പ്രതിശ്രുത വരൻ അടക്കം എട്ടു പേർ കൊല്ലപ്പെട്ടു. 11 പേരുമായി അമിത വേഗത്തിലെത്തിയ ബൊലേറോ നിയന്ത്രണം നഷ്ടമായി വട്ടം തിരിഞ്ഞ് മതിലിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. പ്രതിശ്രുത വരനായ 20കാരൻ മുതൽ കാറിലുണ്ടായിരുന്ന മൂന്ന് വയസുകാരി അടക്കമാണ് കൊല്ലപ്പെട്ടത്. ഉത്തർ പ്രദേശിലെ സാംഭാലിലാണ് അപകടമുണ്ടായത്.
സൂരജ് പാൽ എന്ന 20കാരന്റെ വിവാഹത്തിനായി പുറപ്പെട്ട സംഘമാണ് വെള്ളിയാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ടത്. സൂരജ് പാലിന്റെ സഹോദരന്റെ ഭാര്യ ആശ, മൂന്നു വയസുകാരിയായ മകൾ ഐശ്വര്യ, ഗണേഷ്, രവി, സച്ചിൻ, മധു, കോമൽ എന്നിവരാണ് കൊല്ലപ്പെട്ടത്. സൂരജ്, ഐശ്വര്യ, ആശ, ഗണേഷ്, സച്ചിൻ എന്നിവർ സംഭവ സ്ഥലത്ത് വച്ചും കോമൽ, മധു, രവി എന്നിവർ അലിഗഡിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. രാത്രി 7.15ഓടെയാണ് അപകടമുണ്ടായതെന്നാണ് സാംഭാൽ എഎസ്പി അനുകൃതി ശർമ വിശദമാക്കിയത്.
സംഘത്തിനൊപ്പമുണ്ടായിരുന്ന ആറുവയസുകാരി ഹിമാൻഷി, 20കാരൻ ദേവ എന്നിവർ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ അമിത വേഗതയിൽ ആയിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ഒരു കോളേജിന്റെ മതിലിലാണ് എസ്യുവി ഇടിച്ച് കയറിയത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. ജെസിബിയുടെ സഹായത്തോടെയാണ് കാർ പൊളിച്ച് പരിക്കേറ്റവരെ പുറത്ത് എടുത്തത്. സാംഭൽ സ്വദേശികളാണ് മരിച്ചവർ. ബദൗനിലേക്ക് പോവുന്നതിനിടയിലാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്നയാളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് വിശദമാക്കുന്നത്.