മുംബൈ: യെസ് ബാങ്കുമായി ബന്ധപ്പെട്ട 3000 കോടി രൂപയുടെ വായ്പത്തട്ടിപ്പുകേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ്. കഴിഞ്ഞ ദിവസങ്ങളിൽ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ പലയിടങ്ങളിൽനിന്നായി നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഓഗസ്റ്റ് അഞ്ചിന് ഹാജരാകാൻ അദ്ദേഹത്തോട് ഇഡി നിർദേശിച്ചിട്ടുണ്ട്. 3000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂലായ് 24- മുതലാണ് ഇ.ഡി. പരിശോധന ആരംഭിച്ചത്. അനിൽ അംബാനിയുമായി ബന്ധപ്പെട്ട മുംബൈയിലെ 35 കേന്ദ്രങ്ങളിലാണ് പരിശോധന. ഇതിന് പിന്നാലെയാണ് ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിയമനടപടികൾ ഒഴിവാക്കാൻ വ്യക്തികൾ രാജ്യം വിട്ടുപോകുന്നത് തടയാനാണ് സാധാരണയായി ലുക്ക് ഔട്ട് സർക്കുലർ ഉപയോഗിക്കുന്നത്.
അതേസമയം 2017ലും 2019-ലും യെസ് ബാങ്ക് അനുവദിച്ച വായ്പകളിലെ 3000 കോടിയോളം രൂപ വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കും ക്രമവിരുദ്ധമായി മാറ്റിയെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ വായ്പ അനുവദിക്കുന്നതിനായി യെസ് ബാങ്കിന്റെ അന്നത്തെ ഉടമയ്ക്കും അധികൃതർക്കും കൈക്കൂലി നൽകിയതിനും തെളിവു ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്. യെസ് ബാങ്ക് വായ്പയ്ക്ക് അനുമതിന ൽകിയതിൽ വലിയ പിഴവുകളുണ്ടായതായും ഇഡി പറയുന്നു. വായ്പകൾ ഒറ്റ വർഷംകൊണ്ട് ഇരട്ടിയായ റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് സെബി നടത്തിയ അന്വേഷണത്തിലെ വിവരങ്ങളും ഇഡിക്കു ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട് പത്തുവർഷത്തിനു മുൻപുനടന്ന ഇടപാടുകളിലാണ് പരിശോധനകൾ നടക്കുന്നതെന്നാണ് നേരത്തേ റിലയൻസ് പവർ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ പ്രതികരിച്ചിരുന്നത്. രണ്ടുകമ്പനികളുടെയും ബോർഡിൽ അനിൽ അംബാനിയില്ല. അതുകൊണ്ടുതന്നെ ഈ രണ്ടു കമ്പനികളുടെയും പ്രവർത്തനങ്ങളെ നടപടികൾ ബാധിക്കില്ലെന്നും കമ്പനികൾ പറഞ്ഞിരുന്നു.