വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലിലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ, ട്രംപിന്റെ മുൻ ഉപദേശകൻ സ്റ്റീവ് ബാനൻ, ബിൽ ഗേറ്റ്സ്, റിച്ചാർഡ് ബ്രാൻസൺ, നടൻ വൂഡി അലൻ തുടങ്ങിയരുടെ ചിത്രങ്ങളാണ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ വെള്ളിയാഴ്ച പുറത്തുവിട്ടത്.
19 ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ മൂന്നെണ്ണത്തിൽ ട്രംപിനെ കാണാം. ഏതാനും സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ട്രംപിന്റെ ചിത്രവും ഇതിൽ ഉൾപ്പെടും. ‘ട്രംപ് കോണ്ടം’ എന്ന് രേഖപ്പെടുത്തിയ ട്രംപിന്റെ മുഖം അടങ്ങിയ ചിത്രവും പുറത്തുവന്നവയിൽ ഉണ്ട്. 4.50 ഡോളർ എന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ‘ഐ ആം ഹ്യൂജ്’ എന്ന് പാക്കറ്റിന് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീനൊപ്പം ഒരു സ്ത്രീയോട് ട്രംപ് സംസാരിക്കുന്നതിന്റെ ചിത്രവും പുറത്തുവന്നവയിൽ ഉണ്ട്.
കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ട്രംപിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, എപ്സ്റ്റീൻ അറസ്റ്റിലാകുന്നതിന് മുമ്പുതന്നെ, 2004-ൽ തങ്ങൾ പിരിഞ്ഞുവെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. എപ്സ്റ്റീനുമായി ചേർന്ന് ഒരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും ട്രംപ് നിരന്തരം ആവർത്തിച്ചിരുന്നു. എന്നാൽ, പുറത്തുവന്ന ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രൂക്ഷ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.
എപ്സ്റ്റീന്റെ എസ്റ്റേറ്റിൽനിന്ന് 95000-ൽ അധികം ഫോട്ടോകളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ഇത് തങ്ങൾ പരിശോധിച്ചുവരികയാണെന്ന് മേൽനോട്ട സമിതി പറയുന്നു. വരുംദിവസങ്ങളിൽ കൂടുതൽ ഫോട്ടോകളും ദൃശ്യങ്ങളും ജനങ്ങളുടെ മുമ്പിൽ പ്രദർശിപ്പിക്കുമെന്നാണ് ഡെമോക്രാറ്റ് പ്രതിനിധി റോബർട്ട് ഗാർസിയ പ്രസ്താവനയിൽ അറിയിച്ചത്. അതിജീവിതർക്ക് നീതി ലഭ്യമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


















































