ന്യൂഡൽഹി: യുപിഎ കാലത്ത് ജിഎസ്ടിയെ (ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്) എതിർത്ത ഒരേയൊരു നേതാവേയുള്ളു, അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ജയറാം രമേഷ്.
‘‘2006-2014 വരെ എട്ടു വർഷം ഒരേയൊരു മുഖ്യമന്ത്രി മാത്രമാണ് ജിഎസ്ടിയെ എതിർത്തിരുന്നത്. പിന്നീടയാൾ പ്രധാനമന്ത്രിയായപ്പോൾ നിലപാട് മാറി. 2017ൽ ജിഎസ്ടിയുടെ മിശിഹായായി അദ്ദേഹം ഉയർത്തു’’. ജിഎസ്ടിയിലെ സമീപകാലത്തുണ്ടായ പരിഷ്കാരങ്ങൾ പരിമിതമാണെന്നും എംഎസ്എംഇ സെക്ടറിന്റെ സങ്കീർണതകളിലെ പ്രയാസങ്ങൾ മാറ്റണമെന്നും അദ്ദേഹം എഎൻഐയോടു പറഞ്ഞു.
‘‘ അതുപോലെ അഞ്ച് വർഷത്തെ നഷ്ടപരിഹാര പാക്കേജ് വേണമെന്ന സംസ്ഥാന സർക്കാരുകളുടെ ആവശ്യങ്ങളെക്കുറിച്ചു പ്രധാനമന്ത്രി !രു വാക്കും മിണ്ടിയിട്ടില്ല. പല കാര്യങ്ങളും ഇനിയും അഭിമുഖീകരിക്കപ്പെടാനുണ്ട്. ജിഎസ്ടി പരിഷ്കരിക്കണമെന്ന് എട്ടുവർഷമായി കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് ഏർപ്പെടുത്തുന്നതുവരെ മോദി സർക്കാർ അക്കാര്യത്തിൽ മൗനം തുടർന്നു.
അതേസമയം 2017 ജൂലൈയിൽ ആണ് ജിഎസ്ടി രാജ്യത്ത് ആദ്യമായി ഏർപ്പെടുത്തിയത്. നോട്ട് നിരോധനത്തിനു പിന്നാലെ നമ്മുടെ സമ്പദ് വ്യവസ്ഥക്കേറ്റ രണ്ടാമത്തെ ഷോക്കാണ് അതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എട്ടുവർഷത്തോളം അവർ ഞങ്ങളെ വിശ്വസിച്ചില്ല. പരിഷ്കാരം വേണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചു. എന്നാൽ ഇന്ന് അവരത് ഉത്സവമായി കൊണ്ടാടുകയാണ്. പക്ഷെ നടത്തേണ്ട പരിഷ്കരണങ്ങൾ നടത്താൻ അവർ എട്ടുവർഷം താമസിച്ചുപോയി. രണ്ടരവർഷം ബിൽ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയിൽ വച്ചു. അന്ന് ബിജെപി നേതാവായ യശ്വന്ത് സിൻഹയാണ് കമ്മിറ്റിയെ നയിച്ചത്. റിപ്പോർട്ട് അവതരിപ്പിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു’’ – ജയറാം രമേഷ് കൂട്ടിച്ചേർത്തു.