ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചന ശ്രമത്തിൽ കാന്തപുരത്തിന്റെ പങ്ക് അംഗികരിക്കാനാകാതെ കേന്ദ്രവും അറ്റോർണി ജനറലും. നിമിഷയുടെ മോചനം സാധ്യമാകണമെങ്കിൽ ആദ്യം കൊല്ലപ്പെട്ട യെമെൻ പൗരൻ തലാലിന്റെ കുടുംബം നിമിഷപ്രിയയ്ക്ക് മാപ്പ് നൽകണമെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്ത് സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനായി തലാലിന്റെ കുടുംബവുമായി ചർച്ച നടത്തുന്നതിന് ഒരു മധ്യസ്ഥ സംഘത്തിന് യെമെനിൽ പോകാനുള്ള അനുമതി നൽകണമെന്ന് കേന്ദ്രത്തോട് നിർദേശിക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു.
ഇതിനായുള്ള മധ്യസ്ഥ സംഘത്തിലെ രണ്ടുപേർ ആക്ഷൻ കൗൺസിൽ പ്രതിനിധികളും രണ്ടുപേർ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ സംഘത്തിൽപെട്ടവരും ആയിരിക്കണമെന്നാണ് സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്തും അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനും കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ തലാലിന്റെ കുടുംബവുമായി ചർച്ച നടത്താൻ അവകാശം നിമിഷ പ്രിയയുടെ കുടുംബത്തിനാണെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. നിമിഷപ്രിയയുടെ അമ്മ നിലവിൽ യെമെനിൽ ഉണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ അമ്മ വെറും വീട്ട് ജോലിക്കാരിയാണെന്നും, അവരെ സഹായിക്കാനായി ഒരു പവർ ഓഫ് അറ്റോർണി ഉണ്ടെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി.
അറ്റോർണി ജനറലിന്റെ വാദം ഇങ്ങനെ- നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ കുടുംബത്തിന് മാത്രമാണ് അവകാശം. കുടുംബത്തിന് പുറമെ പവർ ഓഫ് അറ്റോർണിക്കും ചർച്ച നടത്താം. ഇവർക്ക് എല്ലാവിധ സഹായവും സർക്കാർ നൽകുന്നുണ്ട്. ഏതെങ്കിലും ഒരു സംഘടനാ ചർച്ച നടത്തിയാൽ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല.
ഇതിനിടെ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ച കാര്യം അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. മോചന ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. കൂടാതെ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി വെപ്പിച്ചതിൽ കേന്ദ്ര സർക്കാരിനോട് നന്ദിയുണ്ടെന്ന് സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്ത് കോടതിയെ അറിയിച്ചു. വധശിക്ഷ നീട്ടി വെച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് പുറമെ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ പങ്കും സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന് വേണ്ടി ഹാജരാകുന്ന അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. മൂന്ന് തവണ കാന്തപുരത്തിന്റെ പങ്ക് സീനിയർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും അതേക്കുറിച്ച് അറ്റോർണി ജനറൽ ഒരു തവണ പോലും പരാമർശിച്ചില്ല. ചർച്ചകൾ നടന്ന് വരിക ആണെന്നും ചില കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മാത്രമാണ് അറ്റോർണി ജനറൽ വ്യക്തമാക്കിയത്.
കൂടാതെ ചർച്ചകളുടെ എല്ലാ വിശദാംശങ്ങളും പരസ്യമായി പറയാൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. താൻ കോടതിയിൽ പറയുന്ന കാര്യങ്ങൾ മാധ്യമങ്ങൾ അതാത് സമയത്ത് റിപ്പോർട്ട് ചെയ്യും. ഇത് ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ഇതേ തുടർന്ന് ഈ ഹർജിയിൽ ആവശ്യമെങ്കിൽ രഹസ്യവാദം ആകാമെന്ന് കോടതി അഭിപ്രായപ്പെട്ടു.
അതേസമയം ചർച്ചകൾക്കായി നയതന്ത്ര -മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന് സുപ്രീം കോടതി അനുമതി നൽകി. ആറംഗ മധ്യസ്ഥ സംഘത്തിന് ചർച്ചകൾക്കായി യെമെനിൽ പോകാൻ അനുമതി വേണമെന്നാണ് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന്റെ ആവശ്യം. ആക്ഷൻ കൗൺസിൽ പ്രതിനിധികളായി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെആർ, ട്രഷറർ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെ സംഘത്തിൽ ഉൾപെടുത്തണമെന്നാണ് കൗൺസിൽ ആവശ്യപ്പെടുന്നു.
കൂടാതെ മർകസ് പ്രതിനിധികളായി ഡോ ഹുസൈൻ സഖാഫി, ഹാമിദ് എന്നിവരെയാണ് കൗൺസിൽ നിർദേശിക്കുന്നത്. ഇതിന് പുറമെ കേന്ദ്രസർക്കാർ നിർദർശിക്കുന്ന രണ്ട് ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടാകണെമന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു. ഈ ആവശ്യവുമായി കൗൺസിസിലിന് കേന്ദ്ര സർക്കാരിനെ സമീപിക്കാം. നിവേദനം ലഭിച്ചാൽ ഉചിതമായ തീരുമാനം എടുക്കാൻ ഉദ്യോഗസ്ഥരോട് പറയാമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിക്കുകയും ചെയ്തു.