ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ നടന്നെന്ന രൂക്ഷവിമര്‍ശനമായി കോണ്‍ഗ്രസ്, ശിവസേന-യുബിടി, എന്‍സിപി-എസ്എസ് പാര്‍ട്ടികള്‍ രംഗത്ത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ സംസ്ഥാനത്ത് 39 ലക്ഷം വോട്ടര്‍മാര്‍ പുതുതായി ചേര്‍ന്നതായി പാര്‍ട്ടി വക്താക്കള്‍ ആരോപിച്ചു.
മഹാരാഷ്ട്രയില്‍ ചേര്‍ത്ത മൊത്തം വോട്ടര്‍മാരുടെ എണ്ണം ഹിമാചല്‍ പ്രദേശ് പോലുള്ള ഒരു സംസ്ഥാനത്തെ ജനസംഖ്യയ്ക്ക് തുല്യമാണെന്ന് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ മുതിര്‍ന്ന ജനസംഖ്യ, സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 9.54 കോടിയാണെന്നും സംസ്ഥാനത്തെ വോട്ടര്‍ ജനസംഖ്യ 9.7 കോടിയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ‘അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങള്‍ക്ക് വോട്ടര്‍ പട്ടിക നല്‍കാന്‍ തയ്യാറായില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍, രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് സഞ്ജയ് റൗട്ട് പറഞ്ഞു. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന്റെ അടിമയാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യത കൊണ്ടുവരണമെന്നും് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.