കൊച്ചി: മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ഒരു വമ്പൻ അപ്‌ഡേറ്റ് നാളെ പുറത്തു വിടും. ചിത്രത്തെ കുറിച്ചുള്ള ഒരു വലിയ പ്രഖ്യാപനം ഒക്ടോബർ 25 ന് പുറത്തു വിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആഴ്ചകൾക്കു മുൻപ് ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നവംബർ ആറിന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്.
മോഹൻലാലിനെ രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ അവതരിപ്പിക്കുന്ന പോസ്റ്റർ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തെ കുറിച്ചുള്ള വലിയ പ്രഖ്യാപനം നാളെ വരുമെന്നുള്ള വിവരം അറിയിച്ചിരിക്കുന്നത്. പഴയകാല യോദ്ധാവിൻ്റെ ലുക്കിലും, പുതിയകാലത്തെ എക്സിക്യൂട്ടീവ് ലുക്കിലും ആണ് മോഹൻലാലിനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തു വന്നിരുന്നു. മോഹൻലാലിൻ്റെ ഗംഭീര ആക്ഷൻ രംഗങ്ങളും ബ്രഹ്മാണ്ഡ കാൻവാസിൽ ഉള്ള കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും നിറഞ്ഞ ടീസർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.
ആക്ഷൻ, വൈകാരികത, പ്രതികാരം എന്നിവ കോർത്തിണക്കി, ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടുകയും ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്. സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്. മികച്ച വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ 2025 നവംബർ 6 ന് ചിത്രം റിലീസിനെത്തും. ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ – പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ, പിആർഒ- ശബരി.

















































