കോഴിക്കോട് : തന്റെ വീടിനു ജപ്തി നോട്ടിസ് വന്നത് വ്യക്തിപരമായ വിഷയമാണെന്നും പാർട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കില്ലെന്നും മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീർ. ബാങ്ക് അവർക്കു കഴിയുന്നത്ര പരമാവധി സമയം നീട്ടി തന്നിട്ടുണ്ട്. വായ്പ സാവധാനം തിരിച്ച് അടയ്ക്കാം എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതിനുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്താനായില്ലെന്നും മുനീർ പറഞ്ഞു.
കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിൽ മുനീറിനുളള 58 ലക്ഷം രൂപയുടെ ബാധ്യത പരിഹരിക്കാനാണ് കോഴിക്കോട് നടക്കാവ് ക്രോസ് റോഡിലെ മുനീറിന്റെ തറവാട്ടുവീടായ ‘ക്രസന്റ് ഹൗസി’ന് ബാങ്ക് ജപ്തി നോട്ടിസ് നൽകിയത്. ഒറ്റത്തവണ തീർപ്പാക്കലിനായി 58 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട് കാലാവധി നൽകിയിരുന്നു. ഇത് തിരിച്ചടയ്ക്കാത്തതിനാലാണ് റിക്കവറി ട്രൈബ്യൂണൽ നോട്ടിസ് നൽകിയത്. മാർച്ച് 31നകം ബാധ്യത തീർത്തില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നാണ് നോട്ടിസിൽ പറയുന്നത്. മുനീറിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ സി.എച്ച്. മുഹമ്മദ് കോയ ഉൾപ്പെടെയുള്ളവർ താമസിച്ച വീടാണ് ജപ്തി ഭീഷണിയിൽ ആയത്. സി.എച്ച്. മുഹമ്മദ് കോയ നിർമിച്ച വീട് ഒരു കാലത്ത് കോഴിക്കോട്ട് മുസ്‌ലിം ലീഗിന്റെ ആസ്ഥാനമായി പ്രവർത്തിച്ച ഇടമാണ്.
ഏകദേശം 10 വർഷം മുൻപാണ് ക്രസന്റ് ഹൗസിന്റെ നവീകരണത്തിനായി മുനീർ ബാങ്കിൽ നിന്ന് വായ്പ എടുത്തത്. പലതവണയായി തിരിച്ചടയ്ക്കുകയും പുതുക്കുകയും ചെയ്തെങ്കിലും 2024ൽ അദ്ദേഹത്തിന് 58 ലക്ഷത്തോളം രൂപ കുടിശിക വന്നു. ഇതിൽ ബാങ്ക് നോട്ടിസ് നൽകിയതിനു പിന്നാലെ അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ച് ബാങ്കും സംസ്ഥാന സഹകരണ വകുപ്പും ഇടപെട്ട് ഒറ്റത്തവണ തീർപ്പാക്കിയതിന്റെ ഭാഗമായി ബാധ്യത 49 ലക്ഷമായി കുറച്ചു നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ അതും തിരിച്ചടയ്ക്കാൻ അദ്ദേഹത്തിന് കഴിയാത്തതാണ് ജപ്തി നോട്ടിസിന് ഇടയാക്കിയത്.

















































