കൊച്ചി: എംജി ശ്രീകുമാറിനെ പോലൊരാളെ മോശക്കാരനാക്കുക എന്ന ഉദ്ദേശത്തോടെയല്ല മറിച്ച് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുക എന്നതായിരുന്നു മുളവുകാട് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് വി.എസ്. അക്ബർ. മാലിന്യം വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗായകൻ എംജി ശ്രീകുമാർ പിഴയൊടുക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.‘‘അദ്ദേഹത്തെ പോലുള്ളവർ മറ്റുള്ളവർക്ക് മാതൃകയാകേണ്ടവരാണ്. അങ്ങനെയുള്ളപ്പോൾ ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്ന് വീട്ടുകാർക്കും ജോലിക്കാർക്കുമൊക്കെ പറഞ്ഞു കൊടുക്കേണ്ടതുണ്ട്. അത് കർശനമായി തന്നെ പറയേണ്ട കാര്യമാണ്.’’– വി.എസ്. അക്ബർ പറഞ്ഞു.
അതേസമയം എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് ഹരിത കർമസേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ സാധിക്കുന്നില്ലെന്നും അക്ബർ വ്യക്തമാക്കി. കർമസേന അംഗങ്ങൾ അവിടെ ചെല്ലുമ്പോൾ ആളില്ല എന്നു പറഞ്ഞ് സെക്യൂരിറ്റി അകത്തേക്ക് പ്രവേശിപ്പിക്കില്ല. അല്ലെങ്കിൽ ഇവിടെ ഭക്ഷണമൊന്നും ഉണ്ടാക്കുന്നില്ല, ഇവിടെ പ്ലാസ്റ്റിക് ഇല്ല എന്നു പറഞ്ഞു വിടാറാണ് പതിവ്. എന്നാൽ സർക്കാർ നിയമം അനുസരിച്ച് ഇക്കാര്യം പഞ്ചായത്തിന് ബോധ്യപ്പെടണം. വീടിന് നമ്പർ ഇട്ടിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ അംഗീകരിക്കാൻ അവർ ബാധ്യസ്ഥരാണ്. അതിദരിദ്രരായ ആളുകളെ മാത്രമാണ് ഇത്തരത്തിൽ കർമ സേനയ്ക്ക് 50 രൂപ ഫീസ് നൽകുന്നതിൽനിന്നു ഒഴിവാക്കിയിട്ടുള്ളത്. അവരുടേതു പഞ്ചായത്താണ് അടയ്ക്കുന്നത്. ബാക്കി എല്ലാ വീടുകൾക്കും ഈ നിയമം ബാധകമാണ്.
മാത്രമല്ല വീടിന്റെ മുറ്റത്തുള്ള മാവിൽ നിന്നു വീണ മാമ്പഴമാണ് ജോലിക്കാരി പൊതിഞ്ഞ് എറിഞ്ഞു കളഞ്ഞതെന്ന് എംജി ശ്രീകുമാർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അത് തെറ്റു തന്നെയാണെന്നും അത് ബോധ്യപ്പെട്ടതു കൊണ്ടാണ് എതിർപ്പൊന്നും പറയാതെ പിഴ അടച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മാമ്പഴമാണെങ്കിലും അത് ഈ വിധത്തിൽ എറിയാൻ പാടില്ല എന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
മാർച്ച് 31ന് എംജി ശ്രീകുമാറിന്റെ ഒരു സഹായി എത്തിയാണ് പിഴ അടച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അക്ബർ വ്യക്തമാക്കി. ഇതിന് 2 ദിവസം മുമ്പാണ് വിഷയം പഞ്ചായത്തിന്റെ മുമ്പാകെ എത്തിയത്. സംഭവം അറിഞ്ഞപ്പോൾ തന്നെ പഞ്ചായത്ത് ഉദ്യോഗസ്ഥരെ അവിടേക്ക് വിട്ടു പരിശോധന നടത്തി. ഈ സംഭവം നടക്കുമ്പോൾ എംജി ശ്രീകുമാർ സ്ഥലത്തുണ്ടായിരുന്നില്ല എന്നും മനസിലായി. തുടർന്ന് 25,000 രൂപ പിഴ എഴുതി കൊടുക്കുകയായിരുന്നു.
വീട്ടിൽനിന്ന് കായലിലേക്ക് എന്തോ എറിഞ്ഞു കളയുന്ന ആറു മാസം മുമ്പ് പകർത്തിയ ദൃശ്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. വിനോദസഞ്ചാരത്തിന് എത്തിയ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി നസീം എൻ പിയാണ് എംജി ശ്രീകുമാറിന്റെ വീട് എന്ന് ബോട്ടിലെ ആളുകൾ പരിചയപ്പെടുത്തിയപ്പോൾ വീഡിയോ എടുത്തത്. ഈ സമയത്തായിരുന്നു മാലിന്യം കായിലിലേക്ക് വീണതും. പിന്നീട് തദ്ദേശ മന്ത്രി എംബി രാജേഷ് ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നത് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാഹചര്യമുണ്ടെന്ന് വ്യക്തമാക്കി നമ്പർ പുറത്തിറക്കിയപ്പോൾ നസീം തന്റെ കൈവശമുണ്ടായിരുന്ന വീഡിയോ മന്ത്രിയെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശത്തിനു പിന്നാലെ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും പ്രസിഡന്റ് പറഞ്ഞു.