ബെംഗളൂരു: പ്രമുഖ കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഓട്ടോ ട്രാൻസ്ലേറ്റ് ചെയ്തപ്പോൾ മരണപ്പെട്ടത് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജീവനോടെയുള്ള തന്നെ കൊന്ന ഫേസ്ബുക്ക് ഉടമകളായ മെറ്റയ്ക്കെതിരെ ഗുരുതര വിമർശനവുമായി സിദ്ധരാമയ്യ രംഗത്തെത്തി.
അതേസമയം സിദ്ധരാമയ്യയുടെ വിമർശനത്തിന് പിന്നാലെ പിഴവ് മെറ്റ തിരുത്തി. കന്നഡ ഉള്ളടക്കത്തിൻറെ തെറ്റായ മൊഴിമാറ്റം എഴുതിക്കാട്ടി മെറ്റ വസ്‌തുതകളെ വളച്ചൊടിക്കുകയും യൂസർമാരെ തെറ്റിദ്ധരിപ്പിക്കുകയുമാണ്. ഔദ്യോഗിക സംഭാഷണങ്ങളിൽ ഇങ്ങനെ സംഭവിക്കുന്നത് വളരെ അപകടകരമാണ്. എത്രയും പെട്ടെന്ന് തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് എൻറെ മാധ്യമ ഉപദേഷ്‌ടാവ് കെവി പ്രഭാകർ കത്തെഴുതിയിട്ടുണ്ടെന്നും സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു.
കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. ഓട്ടോ ട്രാൻസ്ലേഷനുകൾ തെറ്റായ വിവരം നൽകിയേക്കാമെന്ന് ഞാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ഇത്തരം വലിയ പിഴവുകൾ പൊതുസമൂഹത്തിൻറെ ധാരണയെയും വിശ്വാസത്തെയും ദോഷകരമായി ബാധിക്കും എന്നും സിദ്ധരാമയ്യ പറഞ്ഞു.
അതോടൊപ്പം കന്നഡയിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള ട്രാൻസ്ലേഷനുകളുടെ കൃത്യതയും നിലവാരവും ഉറപ്പാക്കാൻ കന്നഡ ഭാഷാ വിദഗ്ദരുടെ സഹായത്തോടെ മെറ്റ തയ്യാറാകണമെന്ന് സിദ്ധരാമയ്യയുടെ മാധ്യമ ഉപദേഷ്‌ടാവ് മെറ്റയ്ക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. പൊതുജനങ്ങളുമായുള്ള ആശയവിനിമയങ്ങളിലും ഔദ്യോഗിക കുറിപ്പുകളിലും ഇത്തരം ഓട്ടോ ട്രാൻസ്ലേഷൻ പിഴവുകൾ കടന്നുകയറുന്നത് വലിയ അപകടമാണെന്ന് മെറ്റയെ കത്തിൽ സിദ്ധരാമയ്യയുടെ ഓഫീസ് ഓർമ്മിപ്പിച്ചു. കൂടാതെ വായിക്കുന്നത് ഒറിജിനൽ കണ്ടൻറാണോ, ഓട്ടോമേറ്റഡ് ട്രാൻസ്ലേഷനാണോ എന്നുപോലും ആളുകൾക്ക് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും മെറ്റയെ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.