ന്യൂഡൽഹി: ചെങ്കോട്ടയ്ക്കരികിലുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം ഇന്ത്യ കൈകാര്യം ചെയ്യുന്ന രീതിയെ പ്രശംസിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. അസാധാരണമായ വൈദഗ്ധ്യത്തോടെയാണ് ഇന്ത്യ വിഷയത്തെ സമീപിച്ചതെന്നും സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച കാനഡയിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു മാർക്കോ.
“ഞങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഇത്തരം അന്വേഷണങ്ങളിൽ ഇന്ത്യയ്ക്ക് ഏറെ മികവുണ്ടെന്ന് ഞാൻ കരുതുന്നു. അവർക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല, അവർ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്”– റൂബിയോ പറഞ്ഞു. അതേസമയം ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറും മാർക്കോ റൂബിയോയും ചെങ്കോട്ടയിലെ ആക്രമണം ചർച്ചയാക്കിയിരുന്നു.
തിങ്കളാഴ്ച വൈകിട്ട് 6.52നാണ് ഡൽഹിയിൽ ചെങ്കോട്ടയ്ക്കരികിൽ സ്ഫോടനമുണ്ടായത്. കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. സ്ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ലോക രാജ്യങ്ങൾ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയിരുന്നു.


















































