കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ ആത്മഹത്യ കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ. ഒന്നിച്ച് മരിക്കാൻ വിളിച്ചുവരുത്തി തന്ത്രപരമായി യുവതിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ
യുവതിയുടെ സുഹൃത്ത് വൈശാഖനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം 24-നാണ് യുവതിയെ എലത്തൂരിലെ വർക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈശാഖന്റെ ഉടമസ്ഥതയിലുള്ള വർക് ഷോപ്പാണിത്. വർഷങ്ങളായി വൈശാഖനും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല ചെറിയ പ്രായം മുതൽതന്നെ വൈശാഖൻ ഈ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ചോദ്യംചെയ്യലിൽ തെളിഞ്ഞിട്ടുണ്ട്.
ഈ അടുത്ത കാലത്ത് തന്നെ വിവാഹംകഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആദ്യം പ്രതി ഒഴിഞ്ഞുമാറി. പിന്നീട് ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞ് വൈശാഖൻ യുവതിയെ വർക് ഷോപ്പിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രണ്ടുപേർക്കും മരിക്കാനായി കുരുക്ക് തയ്യാറാക്കിയ വൈശാഖൻ യുവതി കഴുത്തിൽ കുരുക്കിട്ടു. പിന്നാലെ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. മരണം ഉറപ്പിച്ചതിനു പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും പോലീസ് പറയുന്നു.


















































