കോലഴി (തൃശൂർ)∙ പഞ്ചായത്ത് പ്രസിഡന്റിനെ ഓഫിസിൽ കയറി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മർദിച്ചതായി പരാതി. പരുക്കേറ്റ യുഡിഎഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാൻ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് എൻ.എ.സാബുവിനെ തൃശൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വനിതാ പഞ്ചായത്തംഗങ്ങളെ പഞ്ചായത്ത് ഓഫിസിനു മുന്നിൽ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ സിപിഎം കൊട്ടേക്കാട് ലോക്കൽ സെക്രട്ടറി എം.ഡി.വികാസ് രാജ് ആണ് മർദിച്ചതെന്ന് പ്രസിഡന്റ് വിയ്യൂർ പൊലീസിനു മൊഴി നൽകി.
അക്രമസംഭവത്തിൽ അറസ്റ്റ് ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തിയതിൽ പ്രകോപിതനായാണ് മർദനം. മുൻ എൽഡിഎഫ് പഞ്ചായത്ത് ഭരണ സമിതിയിൽ വൈസ് പ്രസിഡന്റ് ആയിരുന്നു വികാസ് രാജ്. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആരെയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് ആവശ്യപ്പെട്ട്, മർദനമേറ്റ വനിതാ അംഗങ്ങളെക്കൂടി പങ്കെടുപ്പിച്ചാണ് ഇന്നലെ സാബു തൃശൂർ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തിയത്. ഇതിനു പിന്നാലെ ഉച്ചയ്ക്ക് 1.30ന് ആണ് ഇയാൾ ഓഫിസിൽ കയറി പ്രസിഡന്റിനെ മർദിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നാം ഊഴം പ്രതീക്ഷിച്ച എൽഡിഎഫിനെ പരാജയപ്പെടുത്തി, യുഡിഎഫ് ഭരണം തിരിച്ചുപിടിച്ച പഞ്ചായത്താണിത്. പ്രസിഡന്റായതു മുതൽ എൻ.എ.സാബുവിനെ സമൂഹമധ്യത്തിൽ ഇകഴ്ത്താൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തുന്ന നീക്കങ്ങൾ പൊളിയുന്നതാണ് ലോക്കൽ സെക്രട്ടറിയുടെ പരാക്രമത്തിനു കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു.














































