തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിച്ച് 30 ന് അവസാനിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങൾ പരീക്ഷാഭവനാണ് തീരുമാനിച്ചത്. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും.
എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷൻ നടപടികൾ ഏപ്രിൽ ഏഴ് മുതൽ 25 വരെ നടക്കും. തുടർന്ന് മെയ് 07-ന് ബോർഡ് മീറ്റിങ് ചേരുകയും എട്ടിന് ഔദ്യോഗികമായി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചരിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി അറിയിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും കൃത്യമായ തയ്യാറെടുപ്പുകൾ നടത്താൻ മുൻകൂട്ടിയുള്ള ഈ പ്രഖ്യാപനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് മന്ത്രി വിജയാശംസകളും നേർന്നു.















































