കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് തനിക്കുള്ളത് പ്രേമമെന്ന് കെ. സുധാകരൻ എംപി. സണ്ണി ജോസഫുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങൾക്കു മുന്നിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സണ്ണി ജോസഫിനു വേണ്ടി സുധാകരൻ ഇന്ന് പ്രചാരണത്തിന് ഇറങ്ങും. മാധ്യമങ്ങളാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് പറഞ്ഞ സുധാകരൻ സണ്ണി ജോസഫിനെ തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു.
‘‘പേരാവൂരിൽ പ്രചാരണത്തിന് ഞാൻ പോകില്ലെന്ന് ആര് പറഞ്ഞു?. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്തു പോകുന്നവരാണ് ഞങ്ങൾ. നേരത്തേക്കാൾ ലാഘവമുള്ള സാഹചര്യമാണ് പേരാവൂരിൽ. ഞങ്ങൾ തമ്മിൽ കാണാൻ വൈകിയില്ല. രണ്ടുപേരും തിരക്കിലായിരുന്നു. ഞങ്ങൾ തമ്മിൽ ഒരു പിണക്കവും ഉണ്ടായിരുന്നില്ല. നിങ്ങൾ വിചാരിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിൽ. സണ്ണി ജോസഫ് എന്റെ സ്വന്തമാണ്’’ – കെ. സുധാകരൻ പറഞ്ഞു. കണ്ണൂർ നടാലിലെ വീട്ടിൽ കെ. സുധാകരനെ കാണാനെത്തിയതായിരുന്നു സണ്ണി ജോസഫ്.
അതേസമയം കെ. സുധാകരൻ തന്റെ നേതാവാണെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. തന്നെ ഡിസിസി പ്രസിഡന്റും കെപിസിസി പ്രസിഡന്റും ആക്കിയത് സുധാകരനാണ്. ഒരു ജ്യേഷ്ഠ സഹോദരന്റെ സ്നേഹം എപ്പോഴും സുധാകരൻ തന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
















































