കാഞ്ഞങ്ങാട് (കാസർകോട്): പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാൾ താമസം. ഒരു മാസം മുൻപു ഗൾഫിലേക്കു കടന്നു. പിതാവാണു പ്രതിയെന്നു കണ്ടെത്തിയ പൊലീസ് ഇയാളോടു നാട്ടിലേക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രതി ട്രെയിനിൽ നാട്ടിലേക്കു വരുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ഒരാഴ്ച മുൻപാണു വീട്ടിൽ പ്രസവിച്ച 15 വയസ്സുകാരിയെ രക്തസ്രാവത്തെ തുടർന്നു കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്തെങ്കിലും പ്രതിയാരാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നില്ല.
തുടർന്ന്, അന്വേഷണത്തിൽ പിതാവാണു പ്രതിയെന്നു കണ്ടെത്തുകയായിരുന്നു. പ്രതിയിൽനിന്ന് ഡിഎൻഎ പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്‌റ്റ് ചെയ്തത്. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.