ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തൂത്തെറിഞ്ഞ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പുതുതായി രൂപീകരിച്ച വനിതാ വിഭാഗമായ ജമാത്ത് ഉൽ-മുമിനാത്തിലേക്ക് റിക്രൂട്ട്‌മെന്റ് വിപുലീകരിക്കുന്നെന്ന് റിപ്പോർട്ട്. സംഘടനയ്ക്കായി ഫണ്ട് സ്വരൂപിക്കുന്നത് അടക്കമുള്ള ശ്രമങ്ങളുടെ ഭാഗമായി ‘തുഫത് അൽ-മുമിനത്ത്’ എന്ന ഓൺലൈൻ കോഴ്‌സ് ആരംഭിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതുപോലെ സ്ത്രീകളെ ജയ്‌ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡിലേക്ക് ആകർഷിക്കുകയും റിക്രൂട്ട് ചെയ്യുകയുമാണ് ഓൺലൈൻ കോഴ്‌സിന്റെ മറ്റൊരു ലക്ഷ്യം. ദിവസവും 40 മിനിറ്റ് വീതമുള്ള ഓൺലൈൻ ക്ലാസുകളാണ് നവംബർ 8ന് ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ജയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരിമാരായ സാദിയ അസ്ഹറും സമൈറ അസ്ഹറുമാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ക്ലാസുകൾ നയിക്കുക. ക്ലാസിൽ ചേരാൻ 500 രൂപ മുൻകൂറായി അടയ്ക്കണം. ഐഎസ്, ഹമാസ്, എൽടിടിഇ എന്നിവയുടെ മാതൃകയിൽ ഒരു വനിതാ സേന കെട്ടിപ്പടുക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. കൂടാതെ ചാവേർ ആക്രമണങ്ങൾക്ക് വരെ സ്ത്രീകളെ ഉപയോഗിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ജയ്‌ഷെ മുഹമ്മദ് കമാൻഡർ യൂസഫ് അസ്ഹറിന്റെ ഭാര്യയാണ് മസൂദ് അസ്ഹറിന്റെ സഹോദരിയായ സാദിയ അസ്ഹർ. ഇന്ത്യൻ സൈന്യം വധിച്ച, പുൽവാമ ആക്രമണ ഗൂഢാലോചന കേസിലെ കുറ്റവാളി ഉമർ ഫാറൂഖിന്റെ ഭാര്യ അഫ്രീറ ഫാറൂഖും ക്ലാസുകൾ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ബഹാവൽപുർ, കറാച്ചി, മുസാഫറാബാദ്, കോട്‌ലി, ഹരിപുർ, മൻസെഹ്‌റ എന്നിവിടങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെയും കമാൻഡർമാരുടെ ഭാര്യമാരെയും റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് സംഘം പ്രധാനമായും നടത്തുന്നത്. ഓപ്പറേഷൻ സിന്ദൂറിനും പഹൽഗാം ആക്രമണത്തിനും ശേഷം, സുരക്ഷാ പരിശോധനയിൽനിന്ന് രക്ഷപ്പെടാനും പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും വനിതാ അംഗങ്ങളെ ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് ജയ്‌ഷെ മുഹമ്മദിന്റെ നേതൃത്വം മനസിലാക്കിയിരിക്കുന്നത്. ഈ കോഴ്‌സ് ആ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഒരു മുതിർന്ന ഭീകരവിരുദ്ധ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പരമ്പരാഗതമായി, സ്ത്രീകൾ സായുധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നതിനോട് വിലക്ക് ഏർപ്പെടുത്തിയ സംഘടനയാണ് ജയ്ഷെ മുഹമ്മദ്. എന്നാൽ മസൂദ് അസ്ഹറും സഹോദരൻ തൽഹ അൽ-സെയ്ഫും അടുത്തിടെ സംഘടനയുടെ പ്രവർത്തന ചട്ടക്കൂടിൽ സ്ത്രീകളെ ഉൾപ്പെടുത്താൻ അംഗീകാരം നൽകിയതായാണ് റിപ്പോർട്ടുകൾ.