ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാന്റെ റവല്യൂഷണറി ഗാർഡിന്റെ (IRGC) നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥനായ റിയർ അഡ്മിറൽ അലിറെസ ടാങ്‌സിരി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം മരിച്ചതായാണ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
മാർച്ച് 26-ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് ടാങ്‌സിരിയെയും മറ്റ് മുതിർന്ന ഇറാനിയൻ നാവിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് നടത്തിയ കൃത്യമായ ആക്രമണത്തിൽ കൊല്ലപ്പെടുത്തിയതായി അവകാശപ്പെട്ടിരുന്നു. ഇതിന് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവരുന്നത്.
ബാന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിലാണ് ടാങ്‌സിരി കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന കപ്പൽ ഗതാഗതത്തിന് മേൽനോട്ടം വഹിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളായ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഹോർമുസ് വഴി കടന്നുപോകാൻ അനുവദിക്കില്ലെന്ന് അദ്ദേഹം മുൻപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.


















































