ടെഹ്‌റാൻ: ഇസ്രയേൽ സൈന്യത്തിന്റെ കമ്യൂണിക്കേഷൻസ് കോംപ്ലക്‌സ് തകർത്തതായി ഇറാന്റെ അവകാശവാദം. ഇറാന്റെ സായുധസേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്‌സ്(ഐആർജിസി) ആണ് മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കമ്യൂണിക്കേഷൻസ് കോംപ്ലക്‌സ് തകർത്തെന്ന് അവകാശപ്പെട്ടത്. ഇസ്രയേലിലെ ബീർഷെബയിൽ സ്ഥിതിചെയ്യുന്ന കോംപ്ലക്‌സിന് നേരേയാണ് ആക്രമണമുണ്ടായതെന്നാണ് ഇറാനിലെ തസ്‌നീം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്. തകർന്ന കെട്ടിടത്തിന്റെ ചിത്രവും തസ്‌നീം ന്യൂസ് ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.
ഇസ്രയേൽ പ്രതിരോധസേനയുടെ C4I (കമാൻഡ്, കൺട്രോൾ, കമ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇന്റലിജൻസ്) പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബീർഷെബയിലെ കോംപ്ലക്‌സ്. ഇതിനുപുറമേ മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള വിവിധ ഐടി കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
അതേസമയം, തിങ്കളാഴ്ച വൈകിട്ടോടെ ഇറാനിലെ ഇസ്ഫഹാൻ ആണവകേന്ദ്രത്തിന് സമീപത്തായി വൻ സ്‌ഫോടനങ്ങൾ ഉണ്ടായതായി അൽ ജസീറ റിപ്പോർട്ട്‌ചെയ്തു. മധ്യഇറാനിലെ പ്രധാന നഗരമായ ഇസ്ഫഹാനിലാണ് ഇറാനിലെ പ്രധാന ആണവകേന്ദ്രങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. ഇറാന്റെ വ്യോമത്താവളവും ഇവിടെയുണ്ട്. അതിനിടെ, പടിഞ്ഞാറൻ ഇറാനിൽ തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു.
















































