ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മിന്നും പ്രകടനത്തോടെ ഐപിഎൽ 2026 ന്റെ ഓറഞ്ച് ക്യാപ്പ് വൈഭവ് സൂര്യവംശിയെന്ന 15 കാരന്റെ തലയിൽ ഭദ്രം. ആർസിബിക്കെതിരെ 26 പന്തിൽ 78 റൺസടിച്ച രാജസ്ഥാൻ റോയൽസിൻറെ വൈഭവ് സൂര്യവംശിനാലു മത്സരങ്ങളിൽ 200 റൺസുമായി ഐപിഎല്ലിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിലെത്തിയത്. സഹതാരം യശസ്വി ജയ്സ്വാളിനെ(183) 17 റൺസിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വൈഭവിൻറെ കുതിപ്പ്.
നാലു മത്സരങ്ങളിൽ നിന്നായി 18 വീതം ഫോറും സിക്സും പറത്തിയ വൈഭവ് 50 റൺസ് ശരാശരിയും 266.67 എന്ന മാരക സ്ട്രൈക്ക് റേറ്റും നിലനിർത്തിയാണ് കുതിക്കുന്നത്. ആർസിബിക്കെതിരെ 15 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് സീസണിലെ രണ്ടാം അർധ സെഞ്ച്വറിയാണ് ഇന്നലെ നേടിയത്. നേരത്തെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയും വൈഭവ് 15 പന്തിൽ അർധ സെഞ്ച്വറി കുറിച്ചിരുന്നു. 43 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്ന് ആർസിബിക്കെതിരെ രാജസ്ഥാനെ വിജയവര കടത്തിയ ധ്രുവ് ജുറെലാണ് 176 റൺസുമായി റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തുള്ളത്.
ഇതോടെ ഐപിഎൽ റൺവേട്ടയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും രാജസ്ഥാൻ റോയൽസ് താരങ്ങൾ സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസ് താരം സമീർ റിസ്‌വി(160), കൊൽക്കത്തയുടെ അംഗ്രിഷ് രഘുവംശി(155) എന്നിവരാണ് റൺവേട്ടക്കാരിലെ ആദ്യ അഞ്ചിലുള്ളത്.














































